Connect with us

Palakkad

മണ്ണേങ്ങോട് എ യു പി സ്‌കൂള്‍ ജന്മശതാഭിഷേക നിറവില്‍

Published

|

Last Updated

പട്ടാമ്പി: ജന്മശതാഭിഷേക നിറവില്‍ മണ്ണേങ്ങോട് എ യു പി സ്‌കൂള്‍ 84-ാം വാര്‍ഷികമാഘോഷിക്കുന്നു. കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട് 1929ല്‍ മൂത്തിരിക്കോട് ഭവത്രാതന്‍ നമ്പൂതിരിപ്പാടാണ് സ്‌കൂള്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യസമര സേനാനി ഇ പി ഗോപാലന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ജന്മം നല്‍കിയ ഈ വിദ്യാലയം ജില്ലയിലെ മികച്ച സ്‌കൂളാണ്.
സംസ്ഥാന കലോത്സവങ്ങളിലെല്ലാം ഉന്നത സ്ഥാനങ്ങള്‍ നേടിയ ഇവിടെ ഇപ്പോള്‍ 1309 വിദ്യാര്‍ഥികളും നാല്‍പ്പതോളം അധ്യാപകരുമുണ്ട്. സ്‌കൂളിന്റെ ജന്മശതാഭിഷേക ആഘോഷങ്ങള്‍ പൂര്‍ണതയിലെത്തിക്കുന്നതിനു രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന 501 അംഗ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. നാളെ വൈകീട്ട് നാലിന് സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര കൊപ്പം ടൗണില്‍ സമാപിക്കും. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ മൂന്ന് മാസം നീളുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചിത്രരചന, ക്വിസ് മത്സരം, രക്തദാനസേനാ രൂപവത്കരണം, പിറന്നാള്‍ സദ്യ, കവിയരങ്ങ് എന്നിവയാണ് പ്രധാന പരിപാടികള്‍. മാര്‍ച്ച് 29ന് വിവിധ കലാപരിപാടികളോടെ സമാപിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ഇ പി ശങ്കരന്‍, അബ്ദുല്‍ ശുക്കൂര്‍, കെ കൃഷ്ണദാസ്, എം പരമേശ്വരന്‍, കെ കൃഷ്ണകുമാര്‍, പി ഖമറുന്നീസ പത്രസമ്മേളനത്തില്‍ അറിയിച്ചു.