കാട്ടാനശല്യം: നാട്ടുകാര്‍ ഉപ്പട്ടിയില്‍ റോഡ് ഉപരോധിച്ചു

Posted on: December 31, 2013 2:00 pm | Last updated: December 31, 2013 at 2:00 pm

ഗൂഡല്ലൂര്‍: കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉപ്പട്ടിയില്‍ ജനങ്ങള്‍ പന്തല്ലൂര്‍-മുക്കട്ടി റോഡ് ഉപരോധിച്ചു.
അത്തിക്കുന്ന്, കെ കെ നഗര്‍, ഉപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുക്കണക്കിന് ജനങ്ങളാണ് ഇന്നലെ രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചക്ക് പന്ത്രണ്ട് മണിവരെ റോഡ് ഉപരോധിച്ചത്. ഉപ്പട്ടിയില്‍ രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ വ്യാപാരികള്‍ കടകളടച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
രണ്ടാഴ്ചയായി പ്രദേശത്ത് ഒറ്റയാന്‍ ആക്രമണം നടത്തിവരികയാണ്.
നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ആനയെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പൊറുതിമുട്ടിയാണ് ജനംതെരുവിലിറങ്ങിയിരിക്കുന്നത്.
വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ഡി എഫ് ഒ തേജസ് വി, ദേവാല ഡി വൈ എസ് പി, ഫോറസ്റ്റ് റെയ്ഞ്ചര്‍ രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി കുങ്കിയാനകളെ ഉപയോഗിച്ച് ഒറ്റയാനെ വനത്തിലേക്ക് തുരത്തിയോടിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.