ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാതെ കോമഡിഷോ കാണാന്‍ പോകുന്ന മുഖ്യമന്ത്രി അഖിലേഷ് വിവാദത്തില്‍

Posted on: December 31, 2013 12:17 am | Last updated: December 31, 2013 at 12:17 am

ലക്‌നോ: മുസാഫര്‍നഗറില്‍ കൊടും തണുപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചുകൊണ്ടിരിക്കെ ക്യാമ്പ് സന്ദര്‍ശിക്കാതെ തൊട്ടടുത്ത് നടക്കുന്ന കോമഡി ഷോയില്‍ പങ്കെടുക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നടപടി വിവാദമാകുന്നു.
കലാപത്തിനിരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊടും തണുപ്പേറ്റ് മരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിട്ടും ഇതുവരെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗോ മുഖ്യന്ത്രി അഖിലേഷോ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതിനിടയിലാണ് 14 ദിവസം നീണ്ടുനില്‍ക്കുന്ന കോമഡി ഫെസ്റ്റിവലല്‍ പങ്കെടുക്കാന്‍ അഖിലേഷ് യാദവ് എത്തുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ് ഈ പരിപാടിയെന്ന് ന്യായീകരണവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം തുടക്കത്തില്‍ മുസാഫര്‍ നഗറിലെ ഇരകളെ കുറിച്ച് മുലായം വിവാദമായ മറ്റൊരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിരുന്നു. മുസാഫര്‍നഗര്‍ ക്യാമ്പില്‍ കലാപത്തിന്റെ ഇരകള്‍ ആരുമില്ലെന്നും ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി രാത്രിയും പകലും കഴിയുന്നവരാണ് അവിടെയുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. ആയിരക്കണക്കിന് കലാപബാധിതരായ ന്യൂനപക്ഷങ്ങള്‍ കഴിയുന്ന ഈ ക്യാമ്പ് പല രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ ഇവിടെ സന്ദര്‍ശിക്കുകയും അഖിലേഷ് യാദവ് സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മൂന്ന് മാസം മുമ്പാണ് മുസാഫര്‍ നഗറിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും 43,000 പേര്‍ ഭവന രഹിതരാകുകയും ചെയ്തു.