മുസാഫര്‍നഗര്‍ കലാപം: അറസ്റ്റിലായത് 250 പ്രതികള്‍

Posted on: December 31, 2013 12:16 am | Last updated: December 31, 2013 at 12:16 am

arrested126മുസാഫര്‍നഗര്‍: സെപ്തംബറില്‍ മുസാഫര്‍നഗറിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കലാപത്തോടനുബന്ധിച്ച് 250 ഓളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിവിധ കലാപ കേസുകളുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ 300 ഓളം പേരെ അറസ്റ്റ് ചെയ്യണമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പ്രാദേശിക പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇവരില്‍ 245 പേരെ അറസ്റ്റ് ചെയ്തതായാണ് മുസാഫര്‍നഗര്‍ എസ് എസ് പി. എച്ച് എന്‍ സിംഗ് അറിയിച്ചത്.
കലാപവുമായി ബന്ധപ്പെട്ട പത്ത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പ്രതികളില്‍ പലരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘം 571 കേസുകള്‍ എടുത്തിട്ടുണ്ട്. 6,386 പേര്‍ പ്രതിസ്ഥാനത്തുണ്ട്. മുസാഫര്‍നഗറില്‍ 538 കേസുകളും ഷാംലിയില്‍ 27 കേസുകളും ഭഗ്പതില്‍ രണ്ടും മീററ്റിലും സഹരണ്‍പൂറിലും ഓരോ കേസുമാണ് എടുത്തിട്ടുള്ളത്.
കലാപത്തില്‍ 60 ലേറെ പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.