ബംഗ്ലാദേശില്‍ മൂന്ന് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

Posted on: December 31, 2013 12:20 am | Last updated: December 30, 2013 at 11:45 pm

ധാക്ക: ബംഗ്ലാദേശില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി എന്‍ പിയുടെ മൂന്ന് വനിതാ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബി എന്‍ പി നേതാവ് ഖാലിദ സിയയുടെ വീടിന് മുമ്പിലെ സൈനിക വലയം ഭേദിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി എന്‍ പി വൈസ് ചെയര്‍മാന്‍ സലീമ റഹ്മാന്‍, ബി എന്‍ പിയുടെ എം പി റാശിദ ബീഗം ഹീറ, മുന്‍ എം പി നവാസ് ഹലീമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതില്‍ ഖാലിദ സിയ പോലീസുകാരുമായി കയര്‍ത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ഡെമോക്രസി മാര്‍ച്ച് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ, ഇരുനൂറ് ബോംബുകളുമായി മൂന്ന് ബി എന്‍ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവികള്‍ അറിയിച്ചു. പ്രക്ഷോഭത്തിനിടെ ഉപയോഗിക്കാന്‍ നിര്‍മിച്ച ബോംബുകളാണ് കണ്ടെത്തിയതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.