ഉത്തരവുകള്‍ പലവിധം; ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം ലഭിച്ചില്ല

Posted on: December 31, 2013 12:29 am | Last updated: December 30, 2013 at 11:29 pm

മാള: വിദ്യാലയങ്ങള്‍ തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തെ ബി പി എല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം ലഭിച്ചില്ല. രണ്ട് മാസം മുമ്പ് സൗജന്യ യൂനിഫോം വിതരണത്തിന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇപ്പോഴും വ്യക്തമല്ലാത്ത ഉത്തരവുകളാണ് വിദ്യാലയങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് വന്ന സര്‍ക്കുലറുകള്‍ക്ക് വിരുദ്ധമായ സര്‍ക്കുലറുകള്‍ പോലും കൂട്ടത്തിലുണ്ട്.

നേരത്തെ കമ്പനികളില്‍ നിന്ന് വന്‍തോതില്‍ തുണിയെടുത്ത് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. മഫത്ത് ലാല്‍, സുസുക്കി, അലോക്, ബന്‍സ്വാര, എസ് കുമാര്‍, സംഗം, ആര്‍ എസ് ഡബ്ല്യു എം എന്നീ സ്വകാര്യ കമ്പനികളുടെ തുണിയെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനെ കൂട്ടത്തിലെടുത്തത്. പിന്നീട് സ്‌കൂളുകള്‍ ഇവയുടെ തുണിയെടുത്ത് നല്‍കിയാല്‍ മതിയെന്നായി. എട്ടാാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി രണ്ട് ജോഡി യൂനിഫോം നല്‍കുന്നതിന് ഒരു കുട്ടിക്ക് 400 രൂപയാണ് അനുവദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് നിക്കറും ഷര്‍ട്ടും ഏഴാാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് പാവാടയും ഷര്‍ട്ടും നല്‍കാനായിരുന്നു ആദ്യ നിര്‍ദ്ദേശം. പിന്നീട് വന്ന സര്‍ക്കുലറില്‍ ഇതിനുപകരം ഏത് തരം വസ്ത്രമാക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് തീരുമാനിക്കാമെന്നായി.
ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന തുണിത്തരങ്ങള്‍ നേരത്തെ നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്ന ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ അനുസരിച്ചാണെന്ന് ഉറപ്പുവരുത്തണമെന്നും അതിനായി ഭാരത സര്‍ക്കാറിന്റെ ടെക്‌സ്റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച ഒരു ലാബോറട്ടറി സര്‍ട്ടിഫിക്കറ്റ് തുണി നല്‍കുന്ന കമ്പനിയില്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ഒരു സര്‍ക്കുലറില്‍ പറയുന്നു. ബില്ലിനോടൊപ്പം ക്ലെയിം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഒരു സര്‍ക്കുലറില്‍ പറയുന്നു. ഈ സര്‍ക്കുലറാണ് യൂനിഫോം വിതരണത്തിനായി നിലവിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. ഇതെങ്ങെനെയാണെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് മനസ്സിലാകുന്നില്ല.
വിദ്യാലയങ്ങളിലൊന്നിലും ഇതുമൂലം യൂനിഫോം വിതരണം ആരംഭിച്ചിട്ടില്ല. തുടര്‍ന്നും സര്‍ക്കുലറുകള്‍ വരുന്നതും സ്‌കൂള്‍ അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സര്‍ക്കുലറിലെ വിലയനുസരിച്ച് തുണികള്‍ കടകളില്‍ കിട്ടുകയെന്നതും പ്രയാസമാണ്. സ്‌കൂള്‍ തുറന്ന് ജൂലൈ മാസത്തില്‍ നല്‍കേണ്ട യൂനിഫോമാണ് ഏഴ്മാസം പിന്നിട്ടിട്ടും നല്‍കാനാകാത്തത്.