ആധാര്‍ അടിച്ചേല്‍പ്പിക്കരുത്

Posted on: December 31, 2013 6:00 am | Last updated: December 30, 2013 at 11:22 pm

SIRAJ.......കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും, യു പി എ സര്‍ക്കാറും തമ്മില്‍ നയപരിപാടികളില്‍ ഏകോപനമില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ,് പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഇരുഭാഗത്തെയും നിലപാട് മാറ്റങ്ങള്‍. പാചക വാതക സബ്‌സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ബേങ്ക് അക്കൗണ്ട് നമ്പര്‍ ഇന്നേക്കുള്ളില്‍ കൈമാറാത്തവര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കില്ലെന്നതാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഉറച്ച നിലപാട്. ഞായറാഴ്ച മാധ്യമങ്ങളില്‍ പരസ്യം മുഖേനയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ആകെക്കൂടി ആശയക്കുഴപ്പത്തിലാണിപ്പോള്‍ ഉപഭോക്താക്കള്‍.
ആധാര്‍ കാര്‍ഡ് പ്രശ്‌നത്തില്‍ തുടക്കം മുതലേ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആറ് മാസം മുമ്പാണ് പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 23ന് രാജ്യ സഭയില്‍ എം പി അച്യുതന്‍ എം പിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പാര്‍ലിമെന്ററികാര്യ സഹമന്ത്രി മന്ത്രി രാജീവ് ശുക്ല അത് തിരുത്തുകയും പാചക വാതക സബ്‌സിഡി ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഒരു പദ്ധതിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് ഉറപ്പ് നല്‍കുകയുമുണ്ടായി. എണ്ണക്കമ്പനികള്‍ ഇതിനു വിരുദ്ധമായ നിലപാടെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദദേഹം വ്യക്തമാക്കി. ദിവസങ്ങള്‍ക്കകം രാജീവ് ശുക്ലയുടെ പ്രസ്താവന തള്ളിക്കൊണ്ട് പെട്രോളിയം മന്ത്രാലയം രംഗത്തു വന്നു. ആഗസ്റ്റ് 28 നാണ് ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കില്ലെന്ന് മന്ത്രാലയം ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കൊന്നിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സെപ്തംബര്‍ 23ന്റെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പെട്രോളിയം മന്ത്രാലയം നിലപാട് തിരുത്തി. ആധാര്‍ കാര്‍ഡ് കേവലം തിരിച്ചറിയല്‍ രേഖ മാത്രമാണ് കോടതിയെ അറിയിച്ച വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലി കോടതി അനുമിതിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അത് നിര്‍ബന്ധമാക്കില്ലെന്നും ഉറപ്പ് നല്‍കി. സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനായി ആധാര്‍ കാര്‍ഡിന് നിയമപിന്‍ബലം നല്‍കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അതിനിടെയാണിപ്പോള്‍ കോടതിക്ക് നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി പെട്രേളിയം മന്ത്രാലയത്തിന്റെ പുതിയ അന്ത്യശാസനം.
ജനവികാരവും എണ്ണക്കമ്പനികളുടെ താത്പര്യവും ഏറ്റുമുട്ടുമ്പോള്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെയും ആം ആദ്മി പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തിന്റെയും പശ്ചാത്തലത്തില്‍ വിശേഷിച്ചും. പാചക വാതക സബ്‌സിഡിയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതുള്‍പ്പെടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ പല സാമ്പത്തിക പരിഷ്‌കാരങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു. ഇതടിസ്ഥാനത്തിലാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പക്ഷേ മന്‍മോഹനും പെട്രോളിയം മന്ത്രാലയത്തിനും പാര്‍ട്ടി നയങ്ങളേക്കാള്‍ വലുത് എണ്ണക്കമ്പനികളുടെ താത്പര്യങ്ങളാണ്.
കണ്ടുപഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിക്കുമെന്നൊരു ചൊല്ലുണ്ട്. മന്‍മോഹനും സഹചാരികളും കൊണ്ടിട്ടും പഠിക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തകര്‍ന്നടിഞ്ഞതില്‍ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലവര്‍ധനവിനും അഴിമതിക്കുമൊപ്പം പാചക വാതക ഗ്യാസുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്കും പങ്കുണ്ട്. മുന്‍ കാലങ്ങളിലെപ്പോലെ പാചകവാതകം ഇപ്പോള്‍ പണക്കാരന്റെ ഇന്ധനമല്ല. ബഹുഭൂരിപക്ഷം സാധാരണക്കാരും പാചക വാതകത്തെയാണ് പാചകത്തിനാശ്രയിക്കുന്നത്. അതെച്ചൊല്ലി ജനങ്ങള്‍ക്കുളവായ പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉടനടി പരിഹരിച്ചില്ലെങ്കില്‍ ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തള്ളപ്പെടും. ആഗേളീവത്കരണത്തോടും ഉദാരവത്കരണത്തോടുമുള്ളു മന്‍മോഹന്റെ അന്ധമായ ഭ്രമവും എണ്ണക്കമ്പനികളോടും കോര്‍പറേറ്റ് കുത്തകകളോടുള്ള വിധേയത്വവും അവസാനിപ്പിച്ചു ജനക്ഷേമ നയരൂപവത്കരണത്തിന് സന്നദ്ധമാകുന്നതോടൊപ്പം ഭരണ തലത്തില്‍ അതിനെ അട്ടിമറിക്കാന്‍ ഒരുമ്പെടുന്ന കോര്‍പ്പറേറ്റ് ഏജന്റുമാരായ മന്ത്രിമാരെയും പാര്‍ശ്വവര്‍ത്തികളെയും നിലക്കുനിര്‍ത്താനും പാര്‍ട്ടി നേതൃത്വം ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു.

ALSO READ  രാജ്യസുരക്ഷക്ക് ഭീഷണിയായി സൈബര്‍ ആക്രമണങ്ങള്‍