Connect with us

Articles

മാപ്പിള മുസ്‌ലിംകളും വംശീയ ചരിത്ര വായനയും

Published

|

Last Updated

വംശീയ ബോധം പുലര്‍ത്തുന്ന ചരിത്രകാരന്മാര്‍ വക്രീകരിച്ചു എന്ന് ജമാഅത്തെ ഇസ്‌ലാമി പറയുന്ന മാപ്പിള മുസ്‌ലിം ചരിത്രത്തെ, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ എങ്ങനെയാണ് മറച്ചുവെക്കുകയും ഒളിപ്പിച്ചു പിടിക്കുകയും ചെയ്തത് എന്നറിയാന്‍ കഴിഞ്ഞ കാലം വരെ ജമാഅത്ത് പ്രസിദ്ധീകരണങ്ങളും പ്രഭാഷകരും മാപ്പിള മുസ്‌ലിം ചരിത്രത്തോടും പണ്ഡിതന്മാരോടും സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് പരിശോധിച്ചാല്‍ മതി. “കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠിക്കുന്നവരും പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അനിവാര്യമായും വായിച്ചിരിക്കേണ്ട അപൂര്‍വ രചന” എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിച്ച അവരുടെ നേതാവ് കെ മൊയ്തു മൗലവി(കുറ്റിയാടി)യുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ കേരളത്തിലെ പണ്ഡിതന്മാര്‍ എന്ന ഭാഗത്തു ഇങ്ങനെ എഴുതിയിരിക്കുന്നു:

“കേരളത്തില്‍ ലോക പ്രസിദ്ധനായ ഒരു പണ്ഡിതന്‍ ഉണ്ടായ ചരിത്രമില്ല. മലയാള ഭാഷാ പരിമിതി അതിനൊരു കാരണമായിരിക്കാം. ഇംഗ്ലീഷ് പഠിച്ചുവളര്‍ന്ന ലോകപ്രസിദ്ധരായ പല കേരളീയരും ഉണ്ട്. എന്നാല്‍ അറബി പഠിച്ചു വളര്‍ന്നു അത്രയും ഉയര്‍ന്ന ഒരാളെയും കാണുകയില്ല. അറബി ഭാഷയാണെങ്കില്‍ സകല പള്ളികളിലും പഠിപ്പിക്കപ്പെട്ടുകൊണ്ടുമിരുന്നു. എന്നാല്‍ ആ പഠിപ്പിക്കുന്നതൊന്നും അറബി ഭാഷയല്ല. അറബിയില്‍ വല്ലതും രചിക്കാനോ പ്രസംഗിക്കാനോ സംസാരിക്കാനോ അവര്‍ ശീലിക്കുന്നില്ല. അറബിയില്‍ ഒരു കത്തെഴുതാന്‍ വലിയ പണ്ഡിതന്മാര്‍ക്ക് പോലും സാധിക്കുന്നില്ല. ഇംഗ്ലീഷ് പഠിക്കുന്നവരാകട്ടെ, രചിക്കാനും സംസാരിക്കാനും ശീലിക്കുന്നു. അവര്‍ക്ക് അതുവഴി ഇംഗ്ലീഷ് അറിയുന്നവരോടെല്ലാം സംസാരിക്കാനും ഇംഗ്ലീഷ് ഉള്ളിടത്തെല്ലാം സഞ്ചരിക്കാനും ഗ്രന്ഥങ്ങളിലെ വിജ്ഞാനം നുകരുവാനും വളരാനും കഴിയുന്നു. …….ഫര്‍ളുകള്‍, ശര്‍ത്തുകള്‍, സുന്നത്തുകള്‍, ഹൈആത്ത്, അബ്ആള്, മുബ്തിലാത്, നജീസ്, താഹിര്‍, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയുടെ നിര്‍വഹണം, പ്രയാസങ്ങളുടെ പരിഹാരം എന്നിവയില്‍ പരിമിതമായിരുന്നു (മുസ്‌ലിം പണ്ഡിതന്മാരുടെ) ആകെ അറിവ്. എണ്ണിപ്പഠിക്കുന്ന ഇത്തരം കാര്യങ്ങളല്ലാതെ മറ്റൊന്നും അവരുടെ ദൃഷ്ടിയില്‍ അറിവല്ല. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ക്കറിയാത്ത മറ്റു വല്ല രൂപവും ആരെങ്കിലും സ്വീകരിച്ചാല്‍ അവര്‍ ജാഹിലുമായി”(ഓര്‍മക്കുറിപ്പുകള്‍).
സൈനുദ്ദീന്‍ മഖ്ദൂമുമാരുടെ കാലം തുടങ്ങിയുള്ള മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ചാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ ഈ വിവരണം എന്ന് ഇതിന്റെ അടിക്കുറിപ്പില്‍ നിന്ന് വ്യക്തം. പൊന്നാനിയിലെ മഖ്ദൂം പണ്ഡിതനാണ് എന്ന് ആരോ പറയുന്നത് കേട്ട വിവരമേ ഉള്ളൂ എന്നാണ് ഈ അടിക്കുറിപ്പില്‍ ജമാഅത്ത് നേതാവ് പറയുന്നത്.
“ഹിന്ദുമതത്തിലെ ജാതീയ അസമത്വങ്ങളില്‍ ഞെരുങ്ങി ഇസ്‌ലാമിന്റെ നീതിബോധത്തിലേക്ക് വന്ന ഹിന്ദു മതത്തിലെ കീഴാളര്‍” എന്ന് ഇസ്‌ലാമിലേക്കുള്ള അവര്‍ണരുടെ മതം മാറ്റത്തെ ഇപ്പോള്‍ വിശദീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ആചാര്യന്‍ അവര്‍ണരുടെ മതം മാറ്റത്തെ വിശദീകരിക്കുന്നത് “രോഗശമനത്തിന് നേര്‍ച്ച ചെയ്തും യാചനാ സൗകര്യം ലക്ഷ്യം വെച്ചും മറ്റു ചില ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും പലരും സമുദായത്തില്‍ വന്നുചേരാറുണ്ട്” എന്നാണ്. (അതേ പുസ്തകം, പേജ് 162). “ജാതീയതയില്‍ നിന്നും മോചിപ്പിച്ചു കേരളത്തെ മനുഷ്യവാസമുള്ള ഭൂമിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അറിവിനെ ജനാധിപത്യവത്്കരിച്ചുകൊണ്ട് മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ അനല്‍പ്പമായ പങ്ക് വഹിച്ചിട്ടുണ്ട്” എന്ന് ഇക്കഴിഞ്ഞ സെമിനാര്‍ കാലത്ത് ജമാത്തെ ഇസ്‌ലാമി വിശദീകരിക്കുന്ന പൂര്‍വകാല മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ചു ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നത് “ലൗകിക കാര്യങ്ങളുമായി ബന്ധമില്ലാത്തവരും പാമരന്മാരെ ചൂഷണം ചെയ്തുകൊണ്ടിരുന്നവരും” (അതേ പുസ്തകം, പേജ് 163) എന്നാണ്.

ഇങ്ങനെ “അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അറിവില്ലായ്മയിലും ആണ്ടുകഴിഞ്ഞിരുന്ന കേരളത്തിലെ മുസ്‌ലിംകളെ രക്ഷിക്കാനും “പള്ളി പരിപാലനത്തിലും വഅള് പരമ്പരകള്‍ സംഘടിപ്പിക്കുന്നതിലും ഒതുങ്ങിയ” മുസ്‌ലിംകളെ ഇസ്‌ലാമിന്റെ വിശാല ലോകത്തേക്ക് നയിക്കാനും വേണ്ടി ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും രംഗത്തു വരുന്നതു വരെയും കേരളത്തില്‍ കാര്യമായ യാതൊരുവിധ മതനവോത്ഥാന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല, ആകെ പറയാവുന്ന ഒരപവാദം “സമുദായം അകപ്പെട്ട ദുരവസ്ഥക്കെതിരെ” ഒറ്റയാള്‍ പോരാട്ടം നടത്തിയ മക്തി തങ്ങളായിരുന്നു ( കെ എ സിദ്ദീക്ക് ഹസന്‍, പ്രബോധനം നവോത്ഥാന പതിപ്പ്). അതായത് മക്തി തങ്ങള്‍ വരുന്നതിനും മുന്‍പുള്ള കേരള മുസ്‌ലിംകള്‍ അന്ധകാരത്തിലും അനാചാരങ്ങളിലും മുഴുകി, ഇസ്‌ലാം എന്താണെന്നും മുസ്‌ലിംകളുടെ ബാധ്യത എന്താണെന്നും അറിയാതെ പൗരോഹിത്യത്തിന്റെ ചൂഷണത്തില്‍ കിടന്ന് എരിപൊരികൊള്ളുകയായിരുന്നുവെന്നാണ് സിദ്ദീഖ് ഹസ്സന്‍ പറഞ്ഞുവരുന്നത്. 1998ല്‍ ജമാത്തെ ഇസ്‌ലാമി ഇറക്കിയ നവോത്ഥാന പതിപ്പില്‍ മലബാര്‍ മുസ്‌ലിംകളെ കുറിച്ചുള്ള ഇത്തരം നിരവധി “വംശീയ വിവരണങ്ങളും” “കെട്ടുകഥകളും” “വക്രീകരണങ്ങളും” ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ തന്നെ നടത്തുന്നതിന്റെ എമ്പാടും ഉദാഹരണങ്ങള്‍ കാണാം.

പക്ഷേ, കഴിഞ്ഞ കുറച്ചു കാലത്തിനിടെ, കേരളത്തിലെ പാരമ്പര്യ വിശ്വാസികള്‍ പുതിയ ചരിത്ര പഠനങ്ങളുടെയും വിശകലന രീതികളുടെയും പിന്‍ബലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും വഹാബികളും പ്രചരിപ്പിച്ച വംശീയമായ കെട്ടുകഥകളെ തുറന്നു കാട്ടി. അതുവരെയും പത്തൊന്‍പതാം നൂറ്റാണ്ടിനപ്പുറത്തേക്ക് പോകുന്ന ഒരു ചരിത്രം മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ തയ്യാറാകാതിരുന്നത് “വംശീയ ബോധം ബാധിച്ച” അമുസ്‌ലിംകളായ ചരിത്രകാരന്മാരായിരുന്നില്ല. മറിച്ച് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ചുവന്ന ജമാഅത്തെ ഇസ്‌ലാമിക്കാരും വഹാബികളും ആയിരുന്നു.

അതുവരെയും മക്തി തങ്ങളില്‍ തുടങ്ങി ഐക്യ സംഘത്തിലൂടെ വന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവ്തകരണത്തോടെ പടര്‍ന്നു പന്തലിച്ച, ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ചരിത്രമായിരുന്നു മാപ്പിളമാരുടെത്. ആ ചരിത്രവിവരണത്തില്‍ തന്നെ ഭൂരിഭാഗം മുസ്‌ലിംകളും അറിവോ ബോധമോ ഇല്ലാത്ത, പരിഷ്‌കരണ പ്രസ്ഥാനങ്ങളാല്‍ നയിക്കപ്പെടേണ്ട അസ്തിത്വമോ ആത്മബോധാമോ ഇല്ലാത്ത വെറും ജീവിതങ്ങളായിരുന്നു. മഖ്ദൂമുമാര്‍ എഴുതിയ മന്‍ഖൂസ് മൗലിദും, ഹള്‌റമി സദാത്തുക്കള്‍ കൊണ്ടുവന്ന ഹദ്ദാദ് റാത്തീബും കേരളത്തിലെ മുസ്‌ലിംകളുടെ ജീവിതത്തെ സമ്പുഷ്ടമാക്കിയ സൂഫിവര്യന്മാരുടെ മഖ്ബറ സിയാറത്തും നിര്‍വഹിക്കുന്ന സാധാരണയില്‍ സാധാരണക്കാരായ മുസ്‌ലിംകളെ പരിഹസിച്ചു നടക്കുകയായിരുന്നു ഇപ്പോള്‍ മാപ്പിള മുസ്‌ലിംകളുടെ അടിവേര് മാന്തി നടക്കുന്നവര്‍ ഇത് വരെ ചെയ്ത പ്രധാന ചരിത്ര ഗവേഷണം. ആ “വംശീയ ചരിത്രത്തെ” മൊയില്യാക്കന്മാര്‍ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ പിന്നെ ആ ചരിത്രം സ്വന്തമാക്കാനുള്ള പരിശ്രമത്തിലായി മുസ്‌ലിംകള്‍ക്കിടയിലെ ഈ “വംശീയ ചരിത്രകാരന്മാര്‍”. ആ സ്വന്തമാക്കല്‍ നാടകത്തിലെ പുതിയ രംഗമാണ് മലയാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ട് കണ്ടത്.

ഒരു സമുദായത്തിന് അവരുടെ ചരിത്രം നിഷേധിക്കുക, കഠിന പരിശ്രമത്തിലൂടെ നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുക്കാന്‍ അവര്‍ ശ്രമിച്ചുതുടങ്ങിയപ്പോള്‍ ആ ചരിത്രത്തിനു മേല്‍ അധികാരം സ്ഥാപിക്കുക. ഇതാണ് ജമാത്തെ ഇസ്‌ലാമി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. “ജാതിവ്യവസ്ഥയും കേരളത്തിലെ ദളിതരുടെ സാമൂഹിക ചരിത്രവും” എന്ന വിഷയത്തില്‍ (നമ്പൂതിരി) യോഗക്ഷേമ സഭ സംഘടിപ്പിക്കുന്ന ഒരു സെമിനാര്‍ പോലെ പരിഹാസ്യവും ദുരുദ്ദേശ്യ പരവുമാണ് മാപ്പിള മുസ്‌ലിംകളുടെ ചരിത്രവും തേടിയുള്ള ജമാത്തെ ഇസ്‌ലാമിയുടെ യാത്രയും. യോഗക്ഷേമ സമിതിയെങ്ങാനും ഇന്ന് അങ്ങനെയൊരു സെമിനാര്‍ നടത്തിയാല്‍ ദളിത് ചരിത്രം അട്ടിമറിക്കുന്നു എന്നാക്രോശിച്ച് അവിടേക്ക് മാര്‍ച്ച് ചെയ്യാന്‍ മുന്നില്‍ സോളിഡാരിറ്റിക്കാരും ഉണ്ടാകും. മാപ്പിള എന്ന സ്വത്വത്തെ തന്നെ മുസ്‌ലിമിന്റെ വിശ്വാസപരമായ അറിവില്ലായ്മയുടെയും അന്ധവിശാസത്തിന്റെയും അടയാളമായി ഇതുവരെയും പരിചയപ്പെടുത്തിക്കൊണ്ടിരുന്നവര്‍ക്ക് എങ്ങനെയാണ് മാപ്പിള മുസ്‌ലിംകളുടെ ചരിത്രം അവകാശപ്പെടാനാകുക?
ജമാഅത്തെ ഇസ്‌ലാമി ഇതുവരെയും കേരളത്തിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ക്ക് നിഷേധിച്ചത് അവരുടെ ചരിത്രമായിരുന്നു. ഇനി ആ ചരിത്രം കൂടി സ്വന്തമാക്കാനാണ് അവരുടെ പുറപ്പാട്. കേരളത്തിലെ തന്നെ അമുസ്‌ലിംകളായ ചരിത്രകാരന്മാരും കൊളോണിയല്‍ ചരിത്രകാരന്മാര്‍ തന്നെയും ചെയ്യാത്ത ക്രൂരകൃത്യമാണിത്. മുസ്‌ലിം എന്ന് പറയുന്നിടത്തൊക്കെ, ദളിതര്‍ എന്ന് കൂടി പറഞ്ഞുവെച്ചു ഇതിനെയെല്ലാം സാമാന്യവത്കരിക്കുകയും വിമര്‍ശങ്ങളില്‍ നിന്ന് രക്ഷപ്പെടുകയോ അതിന്റെ തോത് കുറക്കുകയോ ചെയ്യാം എന്ന ജമാഅത്തിന്റെ ധാരണക്ക് അല്‍പ്പായുസ്സേ ഉണ്ടാകുകയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ചരിത്ര സെമിനാറുകളോടും അതില്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളോടും അവര്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവര്‍ ഇത്രയും കാലം കേരളത്തിലെ മുസ്‌ലിംകളെ കുറിച്ചു പ്രചരിപ്പിച്ച കെട്ടുകഥകള്‍ പിന്‍വലിക്കുകയും അതില്‍ സമുദായത്തോട് മാപ്പ് പറയുകയുമാണ്. ഹള്‌റമി, ഹള്‌റമി എന്ന് ഇന്നിപ്പോള്‍ പറഞ്ഞുനടക്കുന്നവര്‍ ഹള്‌റമികള്‍ കൊണ്ടുവന്ന ഹദ്ദാദ് ചൊല്ലുന്ന മുസ്‌ലിംകളോട് സ്വീകരിക്കുന്ന നിലപാട് മാറുകയാണ്. ഏറ്റവും കുറഞ്ഞത് കോഴിക്കോട്ട് നടന്ന ചരിത്ര സെമിനാര്‍ മുന്നോട്ടുവെച്ചു എന്ന് സംഘാടകര്‍ പറയുന്ന മുസ്‌ലിംകളെ കുറിച്ചുള്ള ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ വസ്തുതകളുടെയും ആശങ്കകളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ സൂഫികള്‍ക്കും മഖ്ബറകള്‍ക്കും തിരുശേഷിപ്പുകള്‍ക്കുമുള്ള പ്രധാന്യത്തെയും അത് മുസ്‌ലിംകള്‍ക്കിടയിലും സമൂഹത്തില്‍ പൊതുവിലും നിര്‍വഹിക്കുന്ന മതപരവും സാമൂഹികവുമായ ദൗത്യങ്ങളെക്കുറിച്ചും സാമൂഹികശാസ്ത്രപരമായ ഒരു നിലപാടെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറാകുമോ?

മഖ്ബറകളും തിരുശേഷിപ്പുകളും മതത്തെ വിഴുങ്ങും, ആത്മീയചൂഷണത്തിന്റെ കേന്ദ്രങ്ങളും മതത്തെ കോര്‍പ്പറേറ്റ് വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ് എന്ന് ഫഌക്‌സ് കെട്ടുകയും സെമിനാര്‍ നടത്തുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍, കോഴിക്കോട്ട് നടന്ന സെമിനാറിലെ മുഖ്യാതിഥിയായി ജമാഅത്തുകാര്‍ ക്ഷണിച്ചുവരുത്തിയ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ എങ്ങ്‌സങ്ങ് ഹോ എഴുതിയ പുസ്തകമെങ്കിലും ഒന്ന് വായിച്ചു നോക്കണം. പുസ്തകത്തിന്റെ പേര്; ഗ്രെവ്‌സ് ഓഫ് തരീം; ജീനിയോളജി ആന്‍ഡ് മൊബിലിറ്റി എക്രോസ്സ് ദ ഇന്ത്യന്‍ ഓഷ്യന്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസ്സ് ആണ് പ്രസാധകര്‍. കോഴിക്കോട് പൂനൂരില്‍ പ്രവര്‍ത്തിക്കുന്ന മദീനത്തുന്നൂര്‍ കോളജിലെ ലൈബ്രറിയില്‍ പുസ്തകം കാണും. തരീമിലെ ഹള്‌റമി സദാതീങ്ങളുടെ മഖ്ബറകള്‍ എങ്ങനെയാണ് അവിടങ്ങളിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ ചടുലമാക്കിയത് എന്നാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം വായിച്ചു വിലയിരുത്തിയ ശേഷം മാപ്പിള മുസ്‌ലിംകളോട് ഇതുവരെയും ചെയ്തുപോന്ന ചരിത്ര വക്രീകരണങ്ങളുടെ പേരില്‍ സ്വയം ഒരു കുറ്റബോധമെങ്കിലും തോന്നിയ ശേഷം മതി കേരളത്തിലെ മുസ്‌ലിംകളെ അവരുടെ ചരിത്രത്തെ കുറിച്ചു ഉദ്‌ബോധിപ്പിക്കാനും മാപ്പിള മുസ്‌ലിം ചരിത്രത്തെ അവഗണിച്ചതിന്റെയും തെറ്റായി അവതരിപ്പിച്ചതിന്റെയും പേരില്‍ അന്യമതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്ന ചരിത്രകാരന്മാരുടെ മേല്‍ കുതിര കയറാനും.

അറിയാതെ ചോദിച്ചു പോകുകയാണ്, ഇത് വരെയും ജമാഅത്തുകാരേ, നിങ്ങള്‍ ബഹുദൈവത്വവും അനാചാരവും ആരോപിച്ചു പടിയടച്ചു പിണ്ഡം വെച്ച പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരുടെ പേര് ഉച്ചരിക്കുമ്പോഴും അവരുടെ പേരില്‍ വേദികള്‍ ഒരുക്കുമ്പോഴും അവരെഴുതിയ പുസ്തകങ്ങളെ ആധാരമാക്കി മുസ്‌ലിം ചരിത്രത്തെ പുനര്‍വായിക്കാന്‍ നോക്കുമ്പോഴും നിങ്ങള്‍ക്ക് യാതൊരുവിധ കുറ്റബോധവും തോന്നാറില്ലേ? എങ്ങനെ തോന്നും? അമ്മാതിരി തൊലിക്കട്ടിയല്ലേ?
(അവസാനിച്ചു)

Latest