അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവണമെന്ന് ആന്റണി

Posted on: December 30, 2013 4:12 pm | Last updated: December 30, 2013 at 11:09 pm

Antony

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യാതൊരു നേട്ടവും ഉണ്ടാക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. തിരുവനന്തപുരത്ത് കെ പി സി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപനചടങ്ങിലും പങ്കെടുക്കാനാണ് ആന്റണി തലസ്ഥാനത്തെത്തിയത്.

പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലേക്കു പോകാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാന്‍ ശ്രദ്ധിക്കണം. പുതുവര്‍ഷത്തില്‍ മെച്ചപ്പെട്ട പാര്‍ട്ടി അന്തരീക്ഷമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന അടക്കമുള്ള വിവാദങ്ങളില്‍ താന്‍ ഇടപെടില്ലെന്ന നിലപാടാണ് ആന്റണി അറിയിച്ചതെന്നാണ് സൂചന.