എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു

Posted on: December 29, 2013 12:33 am | Last updated: December 29, 2013 at 12:33 am

മലപ്പുറം: ലോക അറബി ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ വൈസ് പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.
മഅ്ദിന്‍ സംഘടിപ്പിച്ച ഫിയസ്ത അറബിയ്യയാണ് അറബി ഭാഷയുടെ പ്രചാരണത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഗണിതത്തിലും ഗോളശാസ്ത്രത്തിലും കര്‍മ ശാസ്ത്ര മേഖലകളിലും സംഭാവനകളര്‍പ്പിച്ച പ്രതിഭാധനനായ പണ്ഡിതാണ് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവര്‍ഡ്. അറബി പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സി കെ അബ്ദുസ്സമദിന് ഒരു പവന്‍ സ്വര്‍ണ മെഡലും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് ശമീം കെ കെ മദീനത്തുന്നൂര്‍, മുഹമ്മദ് കെ ബുഖാരി ദഅ്‌വ കോളജ്, അഹ്മദ് സജീബ് കൊച്ചി എന്നിവര്‍ക്ക് അര പവന്‍ വീതം സ്വര്‍ണ മെഡലുകളും വിതരണം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, വി അബ്ദുല്‍ജലീല്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.