Connect with us

Kasargod

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവ് വരും തലമുറക്ക് ഗുണം ചെയ്യും: എം ജി എസ് നാരായണന്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവ് ശേഖരിക്കുന്നത് മനുഷ്യന്റെ ഭാവികാലം ആസൂത്രണം ചെയ്യുന്നതിന് ഗുണം ചെയ്യുമെന്നും, വരും തലമുറക്ക് അത് ഏറെ അനുഗ്രഹമായിരിക്കുമെന്നും പ്രശസ്ത ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കുന്ന നാടിന്റെ ചരിത്രരചനയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ബോധവല്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്ര രചന സമഗ്രമായിരിക്കണം. അതിശയോക്തിയും വളച്ചൊടിക്കലും പാടില്ല. ഓരോ വ്യക്തിക്കും, ഗ്രാമത്തിനും ചരിത്ര പ്രാധാന്യമുണ്ട്. പ്രാദേശിക ചരിത്രം രചിക്കുമ്പോള്‍ ജനകീയമായ ചര്‍ച്ചകര്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാനത്തെ ചേരമാന്‍ പെരുമാള്‍ കലഹിച്ച് മക്കയില്‍ പോയി മുസ്‌ലീമായി ജീവിച്ചതും, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, വാസ്‌കോഡിഗാമ തുടങ്ങിയവരെക്കുറിച്ചുമൊക്കെ പുതു തലമുറക്ക് അറിയാന്‍ കഴിയുന്നത് ചരിത്ര രേഖകള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പോയകാലം കരുതിവെക്കാന്‍ എന്ന സന്ദേശമുയര്‍ത്തി തൃക്കരിപ്പൂരിന്റെ ചരിത്ര രചനക്ക് തുടക്കം കുറിക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ അധ്യക്ഷത വഹിച്ചു. വി കെ രവീന്ദ്രന്‍ പ്രൊജക്റ്റ് അവതരിപ്പിച്ചു. ഡോ. സി ബാലന്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസി. പി വി പദ്മജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി അജിത, വി കെ ബാവ, ടി വി പ്രഭകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്വ. എം ടി പി കരീം സ്വാഗതവും പി പി രഘുനാഥ് പറഞ്ഞു.

 

Latest