ഔഷധച്ചെടികള്‍ സംരഭക്വത്തിനുള്ള പുതിയ അവസരം: എ പി ജെ കലാം

Posted on: December 28, 2013 12:19 am | Last updated: December 28, 2013 at 12:19 am

kalamതൃശൂര്‍: കര്‍ഷകര്‍ക്ക് സംരഭകത്വത്തിനുള്ള പുതിയ അവസരങ്ങളാണ് ഔഷധച്ചെടികള്‍ മുന്നോട്ടുവെക്കുന്നതെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍കലാം അഭിപ്രായപ്പെട്ടു. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപിച്ച ആയുര്‍വേദ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 45000 ചെടികളാണ് ഇന്ത്യയിലുള്ളത്. അവയില്‍ 3500ഓളം വരുന്നവ ഔഷധഗുണങ്ങളുള്ളവയാണ്. ആയുര്‍വേദ ഔഷധങ്ങളുടെ പ്രധാന ചേരുവയും ആയുര്‍വേദ മരുന്നുകള്‍ക്ക് സുഗന്ധം നല്‍കുന്നതും ഈ ചെടികളാണ്.
ഔഷധച്ചെടികളുടെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഔഷധച്ചെടികളുടെ പരിണാമങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നത് ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഘടകമാണ്. കയറ്റുമതി രംഗത്ത് മാത്രമല്ല, ആഭ്യന്തരവിപണയിലും ഔഷധച്ചെടികളുടെ വിപണി ഉയര്‍ന്നുതന്നെയാണ് ഇരിക്കുന്നത്. 2008ല്‍ 200ബില്യണ്‍ ഡോളറായിരുന്ന ഔഷധച്ചെടി വിപണി 2050ല്‍ 5 ട്രില്യണ്‍ യു.എസ് ഡോളറാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടല്‍. ആഗോള ഔഷധച്ചെടി വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനക്കും താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
1.25 ബില്യണ്‍ വരുന്ന ഇന്ത്യന്‍ ജനതയുടെ 50 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യയെ വികസിതതരാജ്യമാക്കുവാന്‍ പ്രാപ്തമായ ഈ മനുഷ്യവിഭവശേഷി സംരക്ഷിക്കുവാന്‍ ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അലോപ്പതിയെ മാത്രം ഇക്കാര്യത്തില്‍ ആശ്രയിക്കുവാന്‍ കഴിയില്ല. ആയൂര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രങ്ങള്‍ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തണമെന്നും കലാം പറഞ്ഞു. പി സി ചാക്കോ എം.പി അധ്യക്ഷത വഹിച്ചു. വൈദ്യരത്‌നം ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ്, ഡയറക്ടര്‍ ഇ.ടി പരമേശ്വരന്‍ മൂസ്സ്, തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ വൈദ്യരത്‌നം കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍ സംസാരിച്ചു. ഡോ. കലാമിന് വൈദ്യരത്‌നത്തിന്റെ ഉപഹാരം അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് സമ്മാനിച്ചു.