കുട്ടിയുമായി അലഞ്ഞ സ്ത്രീയെ അറസ്റ്റ് ചെയ്തു

Posted on: December 28, 2013 12:05 am | Last updated: December 28, 2013 at 12:05 am

കോഴിക്കോട്: പുതിയസ്റ്റാന്റില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കുട്ടിയുമായി നാടോടി സ്ത്രിയെ പോലീസ് പിടികൂടി. ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് സ്ത്രീയേയും ഒമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയേയും കണ്ടെത്തിയത്. രണ്ട് ദിവസമായി പുതിയസ്റ്റാന്റ് പരിസരത്ത് ഇവരെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ പരാതിപ്പെട്ടത്.
ആലപ്പുഴ സ്വദേശി അമ്പിളി എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ വിലാസം. ഒമ്പത് വയസ്സുള്ള കുട്ടിയുടെ പേര് രഞ്ജിത്ത് എന്നാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ താന്‍ മതം മാറി ഷാജിത എന്ന പേരു സ്വീകരിച്ചെന്നും കുട്ടിയുടെ പേര് ഷഹല്‍ എന്നാണെന്നും ചോദ്യം ചെയ്യലില്‍ സ്ത്രീ പറഞ്ഞു.
ആദ്യം കുട്ടി തന്റെതാണെന്നും പിന്നീട് മകളുടെ കുട്ടിയാണെന്നുമായിരുന്നു സ്ത്രീയുടെ അവകാശവാദം. പിന്നീട് കോട്ടയം ആലപ്ര പെരുമ്പട്ടിയിലുള്ള സോമനാഥന്‍- വാസന്തി ദമ്പതികളില്‍ നിന്നും അമ്പതിനായിരം രൂപ പ്രതിഫലം കൊടുത്ത് നാല് ദിവസം പ്രായമായപ്പോള്‍ കുട്ടിയെ വാങ്ങിയതാണെന്ന് പറഞ്ഞു.
കുട്ടിയുടെ മൂന്ന് വയസ്സ്മുതല്‍ മൂന്നാം ക്ലാസ് വരെ കുറ്റിക്കാട്ടൂരിനടുത്തുള്ള പൈങ്ങോട്ടുപാറയിലാണ് താമസിച്ചിരുന്നത്. അവിടെയുള്ള ഒരു സ്‌കൂളില്‍ കുട്ടിയെ മൂന്നാം ക്ലാസ് വരെ പഠിപ്പിച്ചിരുന്നെന്നും സ്ത്രീ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് നാഗരാജന്‍ മരിച്ചതോടെ പേരാമ്പ്രയിലുള്ള ഒരു യതീംഖാനയിലേക്ക് താമസം മാറുകയായിരുന്നു. യതീംഖാനയില്‍ തന്നെയാണ് കുട്ടിയെ പഠിപ്പിക്കുന്നതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
ഭര്‍ത്താവിന്റെ പേരിലുള്ള ഒരു റേഷന്‍ കാര്‍ഡും കുട്ടിയുമായി ചേര്‍ന്നുള്ള കുറേ ഗ്രൂപ്പ് ഫോട്ടോകളും സ്ത്രീയുടെ പക്കല്‍ നിന്നും കണ്ടെത്തി. എന്നാല്‍ ഇവര്‍ പറയുന്ന കാര്യങ്ങളില്‍ അവ്യക്തതകള്‍ ഉണ്ടെന്നും കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുണ്ടായിരുന്ന ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാകാമെന്നും വനിതാ സ്റ്റേഷന്‍ എസ് ഐ ഉമാദേവി സി ടി പറഞ്ഞു.
കോട്ടയം പോലീസുമായി ബന്ധപ്പെട്ട് സ്ത്രീയുടെ മൊഴി ശരിയാണോയെന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.