Connect with us

Gulf

അമീന്റെ മരണം നാടിന്റെ ദുഃഖമായി

Published

|

Last Updated

ഫുജൈറ: യു എ ഇ. കെ എം സി സി അധ്യക്ഷന്‍ പുത്തൂര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുര്‍റഹ്മാന്റെ (22) മരണം നാടിന്റെ ദുഃഖമായി. മരണവാര്‍ത്തയറിഞ്ഞ്, നൂറുകണക്കിനാളുകളാണ് ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുജൈറയിലെ വസതിയില്‍ എത്തിയത്.

ദുബൈയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി എം ബി എ വിദ്യാര്‍ഥിയായ അമീന്‍, ബുധനാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരോടൊപ്പമാണ് കടലില്‍ കുളിക്കാന്‍ പോയത്. വെള്ളത്തിന്റെ കടുത്ത തണുപ്പില്‍ ഹൃദയാഘാതം വന്നതാണെന്നും പിന്നീട് ഒഴുകിപ്പോയതാണെന്നും സംശയിക്കുന്നു.
ഏറെ കഴിഞ്ഞാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഓഫീസിലെ മുന്‍ മാനേജരാണ് പുത്തൂര്‍ റഹ്മാന്‍. മാതാവ്: റംല. സഹോദരങ്ങള്‍: സജ്‌ന, സബ്‌ന, അമീര്‍.
ഡോ. പത്തൂര്‍ റഹ്മാനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ കഴിയാതെ പലരും ശോകമൂകരായി. എം എ യൂസുഫലി, എം ജി പുഷ്പാകരന്‍, ഇബ്രാഹിം എളേറ്റില്‍, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. ആശിഖ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഫുജൈറയില്‍ എത്തിയിരുന്നു. വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍, കെ എം സി സി, ഒ ഐ സി സി, സ്‌കോട്ട തുടങ്ങിയ സംഘടനകളും ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് കെ എം അബ്ബാസ്, കെ എം സി സി ഭാരവാഹികളായ അശ്‌റഫ് പള്ളിക്കണ്ടം അല്‍ ഐന്‍, നിസാര്‍ തളങ്കര ഷാര്‍ജ, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവരും വസതിയിലെത്തി അനുശോചിച്ചു. നിരവധി സ്വദേശികളും എത്തിയിരുന്നു. ഇന്നലെ (വ്യാഴം) വൈകിട്ട് സോനാപൂരില്‍ എംബാമിംഗും മയ്യിത്ത് നിസ്‌കാരവും നടന്നു. ഇന്ന് രാവിലെ 11ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഐ യു എം എല്‍ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Latest