ദക്ഷിണ സുഡാനില്‍ അനുരജ്ഞന ചര്‍ച്ചകള്‍ തുടങ്ങി

Posted on: December 27, 2013 1:30 am | Last updated: December 27, 2013 at 1:30 am

sudanബോര്‍: ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ അയല്‍ക്കാരായ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങി. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്‍യാത്ത, എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയ്‌ലിമാരിയം ദെസ്സാലെന്‍ഗ് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ ദിവസം ജൂബയിലെത്തിയ ഇവര്‍ ദക്ഷിണ സുഡാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ഇരു ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് രാജ്യത്ത് സംഘര്‍ഷം നടക്കുന്നത്.
മുന്‍ വൈസ് പ്രസിഡന്റ് മച്ചറിന്റെ നേതൃത്വത്തിലാണ് കലാപമെന്ന് ആഫ്രിക്കന്‍ സംഘത്തെ പ്രസിഡന്റ് ധരിപ്പിച്ചു. നേരത്തെയും അദ്ദേഹം ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ബോര്‍ കേന്ദ്രീകരിച്ച് 22 വര്‍ഷം മുമ്പും കലാപം നടന്നിരുന്നു.
ഉത്തര മേഖലക്കെതിരെ 1991 ലാണ് കലാപം നടന്നത്. ബോറിലാണ് അന്നും അക്രമങ്ങളും മരണവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മച്ചറാണ് പ്രശ്‌നക്കാരനെന്നാണ് പ്രസിഡന്റിന്റെ പക്ഷം വ്യക്തമാക്കുന്നത്. പ്രശ്‌നം രൂക്ഷമായതോടെ യു എന്‍ ദക്ഷിണ സുഡാനിലേക്ക് കൂടുതല്‍ സേനയെ അയച്ചു. 12,500 സൈനികരെയാണ് യു എന്‍ സുഡാനിലെത്തിച്ചത്. 1,323 പോലീസുകാരെയും യു എന്‍ ദക്ഷിണ സുഡാനിലെത്തിച്ചു.
പത്ത് ദിവസത്തെ സംഘര്‍ഷത്തിനൊടുവില്‍ 90,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. 58,000 പേര്‍ യു എന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.
കലാപം ദക്ഷിണ സുഡാന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് സംസ്ഥാനങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ദക്ഷിണ സുഡാന്റെ പകുതി പ്രദേശവും ഇപ്പോള്‍ സംഘര്‍ഷഭരിതമാണ്. യു എസ് വിമാനങ്ങള്‍ക്ക് നേരെയും വിമതര്‍ ആക്രമണം നടത്തിയിരുന്നു.