Connect with us

International

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബംഗ്ലാദേശില്‍ ബഹുജന മാര്‍ച്ച്; സൈന്യത്തെ ഇറക്കുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

ധാക്ക: തിരഞ്ഞെടുപ്പിനെ ചൊല്ലി രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍ മുഖ്യ പ്രതിപക്ഷം ബഹുജന മാര്‍ച്ചിനൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് ഖാലിദ സിയയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ധാക്കയിലാണ് മാര്‍ച്ച് നടത്തുന്നത്. ഒക്‌ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടതായി സിയ പറഞ്ഞു. പ്രധാനമന്ത്രി ശേഖ് ഹസീന രാജിവെക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി ഹസീന തുടരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളിയതാണ് പ്രക്ഷോഭത്തിന് കാരണമായത്. ഈ മാസം 29 ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ സിയ ജനങ്ങളോട് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് വേണ്ടെന്നും ജനാധിപത്യമാണ് വേണ്ടതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ജനാധിപത്യത്തിന് വേണ്ടിയുള്ളതായിരിക്കും ദേശീയ പതാകയും വഹിച്ചുള്ള മാര്‍ച്ചെന്ന് രണ്ട് തവണ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായ ഖാലിദ സിയ പറഞ്ഞു.
പ്രതിപക്ഷത്തിനും ബഹിഷ്‌കരണ ആഹ്വാനത്തിനും നിരീക്ഷകരെ അയക്കില്ലെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ ഭീഷണിക്കുമിടയിലും അടുത്ത മാസം അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. യു എസ്, യൂറോപ്യന്‍ യൂനിയന്‍, കോമണ്‍വെല്‍ത്ത് പ്രതിനിധികളും തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 300 സീറ്റുകളാണ് ബംഗ്ലാദേശ് പാര്‍ലിമെന്റിലുള്ളത്. അതിനിടെ. തിരഞ്ഞെടുപ്പിന് വേണ്ടി സൈന്യത്തെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍. ജനുവരി ഒമ്പത് വരെയാണ് സൈന്യത്തെ ഇറക്കുക. സംഘര്‍ഷത്തില്‍ 150 ലേറെ പേരാണ് ഇതിനകം മരിച്ചത്.