വിവാദമുയര്‍ത്തി യാസുകുനി സ്മാരകം ആബെ സന്ദര്‍ശിച്ചു

Posted on: December 27, 2013 1:21 am | Last updated: December 27, 2013 at 1:21 am

ടോക്യോ: വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ യാസുകുനി സ്മാരകം സന്ദര്‍ശിച്ചു. 2006ല്‍ ജൂനിച്ചിറോ കൊയ്‌സൂമിക്ക് ശേഷം സ്മാരകം സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാനീസ് ഭരണാധികാരിയാണ് ആബെ. പ്രധാനമന്ത്രിപദത്തിലെ ഒന്നാമൂഴത്തില്‍ അദ്ദേഹം യാസുകുനി സന്ദര്ഞസിക്കുന്നതില്‍ നിന്ന് വിട്ടു നിന്നിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും യുദ്ധക്കുറ്റവാളികളെ വധിച്ച ജപ്പാന്റെ നടപടിയെയും ആദരിക്കുന്നതിനായി പണികഴിപ്പിച്ച സ്മാരകത്തെ ജപ്പാന്റെ യുദ്ധവെറിയുടെ പ്രതീകമായാണ് ചൈനയും ഉത്തര കൊറിയയും വിശേഷിപ്പിക്കുന്നത്.
ദ്വീപ് തര്‍ക്കമടക്കമുള്ള വിഷയങ്ങളില്‍ ചൈനയുമായി ഇടഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ ഷിന്‍സോ ആബെയുടെ നടപടി ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കും. സന്ദര്‍ശനത്തെ ശക്തമായി അപലപിക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാംഗ് പറഞ്ഞു. യുദ്ധവികാരമാണ് തന്റെ സന്ദര്‍ശനത്തിന്റെ സന്ദേശമെന്നും ഷിന്‍സോ ആബേ പ്രതികരിച്ചു.