Connect with us

Sports

എസ് ബി ടി ചാമ്പ്യന്‍മാര്‍

Published

|

Last Updated

മീനങ്ങാടി: മുപ്പത്തിയൊന്‍പതാമത് സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം എസ്.ബി.ടി ജേതാക്കളായി. ബുധാനാഴ്ച രാത്രി നടന്ന വീറും വാശിയും മുറ്റിയ കലാശക്കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനു കേരള പോലീസിനെ പരാജയപ്പെടുത്തി. 50-ാം മിനിറ്റില്‍ എസ്.ബി.ടിയുടെ സ്‌ട്രൈക്കര്‍ പി.ഉസ്മാനാണ് നിര്‍ണായക ഗോള്‍ നേടിയത്. പോലീസിന്റെ കെ.പി.അനീഷ് വരുത്തിയ ഫൗളിനു റഫറി അനുവദിച്ച ഫ്രീ കിക്ക് ഉസ്മാന്‍ വോളി ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കളിയുടെ രണ്ട് പകുതിയിലും എസ്.ബി.ടിക്കായിരുന്നു പന്തടക്കത്തിലും ആക്രമണത്തിലും മുന്‍തൂക്കം. ബേങ്ക് താരങ്ങള്‍ തുടരെത്തുടരെ പോലീസിന്റെ ഗോള്‍മുഖത്ത് ഭീതിപരത്തി. പോലീസിന്റെ പ്രത്യാക്രമണവും ഗംഭീരമായിരുന്നു. മത്സരത്തിനിടെ താരങ്ങളുടെ പരുക്കന്‍ മുറകള്‍ക്കും തിങ്ങിനിറഞ്ഞ ഗാലറി സാക്ഷിയായി. റഫറ് ഏഴു തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഫസ്റ്റ് ഹാഫിലായിരുന്നു ഇതില്‍ അഞ്ചും. കളിതീരാന്‍ 20 മിനിറ്റി ബാക്കിയിരിക്കെ പോലീസ് നിരയില്‍ ഇന്റര്‍നാഷണല്‍ താരം ഐ.എം.വിജയന്‍ ഇറങ്ങി. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് അവശേഷിക്കെ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ വിജയനു കഴിഞ്ഞില്ല. തുടര്‍ന്നു ലഭിച്ച ഫ്രീ കിക്ക് വിജയന്‍ അളന്നുതൂക്കി എസ്.ബി.ടി വലയുടെ മൂലയിലേക്ക് പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ പി.എ.ജീന്‍ ക്രിസ്റ്റിന്‍ പറന്നുചെന്ന് തട്ടിയകറ്റി.
എസ്.ബി.ടിയുടെ ടി.സജിത്താണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനും സ്റ്റോപ്പറും. പോലീസിന്റെ പി.പി.നിഷാദാണ് മികച്ച ഗോള്‍ കീപ്പര്‍. മിഡ്ഫീല്‍ഡര്‍ ഇതേ ടീമിലെ കെ.പി.അനീഷ്. എസ്.ബി.ടിയുടെ പി.ഉസ്മാനാണ് മികച്ച ഫോര്‍വേഡ്. ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് ഗോള്‍ നേടിയ ഉസ്മാനാണ് ടോപ്പ് സ്‌കോററും.
കേരള ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി കെ.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വിജയകുമാര്‍ ആലപ്പുഴ എന്നിവര്‍ ഫൈനല്‍ മത്സരത്തില്‍ കളിക്കാരെ പരിചയപ്പെട്ടു. മത്സരത്തിനു മുന്‍പും ഇടവേളയിലും ഗ്രൗണ്ടില്‍ പാണ്ടിക്കാടുനിന്നുള്ള 15കാരന്‍ ഷാഷിദ്‌സഫര്‍ ബാള്‍ ഉപയോഗിച്ച് കാഴ്ചവെച്ചെ പ്രകടനം കാണികള്‍ക്ക് കൗതുകമായി.

 

Latest