പാഠപുസ്തക പരിഷ്‌കരണ വിവാദം: കാഴ്ച ശേഷിയില്ലാത്തവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

Posted on: December 25, 2013 7:33 am | Last updated: December 25, 2013 at 7:33 am

മലപ്പുറം: കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് കേട്ടുപഠിക്കാന്‍ ഉപകാരപ്രദമാകും വിധത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന പുതിയ പാഠപുസ്തകങ്ങളുടെ അച്ചടിയുടെ കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തിനെതിരെ കാഴ്ചശേഷിയില്ലാത്ത അധ്യാപകര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കണമെന്നിരിക്കെ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്ന പ്രണത വര്‍ധിച്ചുവരികയാണെന്നും പാഠപുസ്ത പരിഷ്‌കരണത്തിന്റെ അട്ടിമറി തങ്ങളെപ്പോലുള്ളവര്‍ക്ക്് ഏറെ തിരിച്ചടിയാകുമെന്നും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന കമ്മിറ്റി അംഗവും കാസര്‍ക്കോട് അന്ധവിദ്യാലയത്തിലെ അധ്യാപകനുമായ സത്യന്‍ പറഞ്ഞു.
കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലുമെല്ലാം ഒരുപോലെ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ യൂനീക്കോട് ഫോണ്ടില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു നേരത്തെ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നത്. പിന്നീട് വിദഗ്ധ സമിതി ഈ തീരുമാനത്തെ വിലക്കുകയായിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.
യൂനീക്കോട് ഫോണ്ടിലേക്ക് മാറ്റുന്നതോടെ കാഴ്ചശേഷിയില്ലാത്തവര്‍ക്ക് കേട്ടുപഠിക്കാന്‍ സഹായിക്കുന്ന സംവിധാനത്തിലേക്ക് പാഠപുസ്തകത്തെ മാറ്റാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യൂനിക്കോട് ഫോണ്ടിലേക്ക് മാറുന്നതോടെ സ്‌കൂള്‍ പാഠപുസ്തകം പഴയ ലിപിയിലാകുമെന്ന വാദം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം മാറ്റിയത്. എസ് സി ആര്‍ ടി നിയോഗിച്ച വിദഗധ സമിതിയിലെ ചിലരാണ് ഈ ലിപിക്കെതിരെ രംഗത്തുവന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദഗ്ധ സമിതിയിലെ അംഗവും കെഎസ് ടി എ സംസ്ഥാന പ്രസിഡന്റുമായ ഷാജഹാന്‍ നേരത്തെ പ്രതികരിച്ചത്.
1973 മുതലാണ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയ ലിപി സ്വീകരിച്ചത്. ടൈപ്പ്‌റൈറ്ററിന്റെ സൗകര്യത്തിനുവേണ്ടിയാണ് മലയാളത്തില്‍ അന്ന് ലിപി പരിഷ്‌കരണമുണ്ടായത്. എന്നാല്‍ ഭാഷയുടെ സൗന്ദര്യവും ശക്തിയും പഴയ ലിപിയാണെന്ന വാദക്കാരും ഏറെയാണ്. നിലവിലുള്ള യൂനിക്കോട് ഫോണ്ടുകളില്‍ പലതും പഴയ ലിപിയിലുള്ളതാണ്. അതെസമയം ഇത്തരം ഫോണ്ടുകള്‍ക്ക് പകരം പുതിയ ലിപിയിലെ ഫോണ്ടുകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാമായിരുന്നെങ്കിലും ചില പ്രസാധകരുടെ താത്പര്യത്തിനാണ് വിദഗ്ധ സമിതിയുടെ തീരുമാനം ഗുണകരമായതെന്ന് അധ്യാപകര്‍ പറഞ്ഞു.
പാഠപുസ്തക പരിഷ്‌കാരം എക്കാലത്തും കേരളത്തില്‍ വിവാദമായിട്ടുള്ളതിനാല്‍ തര്‍ക്കത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ പാഠപുസ്തകങ്ങളുടെ ലിപിയുടെ പേരില്‍ തങ്ങള്‍ക്കുള്ള അവസരങ്ങളാണ് നഷ്ടമാകുന്നതെന്നാണ് കാഴ്ചശേഷിയില്ലാത്തവരായ വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്.
എസ് സി ഇ ആര്‍ ടിയുടെ വിദഗ്ദ സമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കും അടു്ത്ത ദിവസം പരാതി നല്‍കുമെന്നും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.