Connect with us

National

പീഡനം: ജസ്റ്റിസ് ഗാംഗുലിക്കെതിരെ യുവതി പരാതി നല്‍കാനൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: സുപ്രീം കോടതി മുന്‍ ജഡ്ജി എ കെ ഗാംഗുലിക്കെതിരെ പീഡനത്തിനിരയായ യുവ അഭിഭാഷക പോലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നു. കുറ്റങ്ങള്‍ നിഷേധിച്ചതില്‍ ഗാംഗുലിയെ യുവതി രൂക്ഷമായി വിമര്‍ശിച്ചു.
ഇതില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍, മുന്‍വിധിയും വിദ്വേഷവും വെച്ച് കണ്ണടച്ച് ഇരുട്ടാക്കുകയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയുമാണ്. യുവതിയുടെ ലീഗലി ഇന്ത്യ എന്ന തന്റെ ബ്ലോഗില്‍ കുറ്റപ്പെടുത്തുന്നു. യോജിച്ച സമയത്ത് യോജിച്ച നടപടിയുമായി മുന്നോട്ട് പോകും. തന്റെ വ്യക്തിത്വം പൂര്‍ണമായും മാനിക്കപ്പെടേണ്ടതുണ്ട്. തന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് പറയുന്നവര്‍ തന്നെ മാത്രമല്ല സുപ്രീം കോടതിയെ കൂടിയാണ് അപമാനിക്കുന്നത്. ഈ അവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ട് കഴിയാവുന്നത്ര ഉത്തരവാദിത്വത്തോട് കൂടിയാണ് ഇതുവരെയും പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകയുടെ ബ്ലോഗില്‍ പറയുന്നു.
അതേസമയം, അഭിഭാഷകയുടെ പ്രതികരണത്തില്‍ അഭിപ്രായം പറയാന്‍ ജസ്റ്റിസ് ഗാംഗുലി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് കഴിഞ്ഞ ദിവസം അയച്ച എട്ട് പേജ് വരുന്ന കത്തിലാണ് ജസ്റ്റിസ് ഗാംഗുലി, ആരോപണങ്ങള്‍ നിഷേധിച്ചത്. അതിശക്തമായ താത്പര്യങ്ങള്‍ക്കെതിരെയുള്ള വിധികള്‍ കാരണം തന്നെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് ഇന്റേണ്‍ഷിപ്പിന് സുപ്രീം കോടതിയില്‍ വന്ന അഭിഭാഷകയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം. ഗാംഗുലിയുടെ കത്തില്‍ പറയുന്നു.
അതിനിടെ, പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ഗാംഗുലിയെ നീക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കി. ചീഫ് ജസ്റ്റിസിന് എന്തെഴുതി എന്നത് നോക്കേണ്ട കാര്യമില്ല. ഇത് തങ്ങളുടെ രാഷ്ട്രീയ ആവശ്യമല്ല. നീതിയുടെയും അന്തസ്സിന്റെയും ആവശ്യമാണ്. തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സൗഗത റോയ് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ഒരു സംഘം അഭിഭാഷകരും വിരമിച്ച ജഡ്ജിമാരും കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
അഭിഭാഷകയെ മാനഭംഗപ്പെടുത്തിയെന്നതില്‍ ഗാംഗുലിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സുപ്രീം കോടതിയിലെ മൂന്നംഗ ജഡ്ജിമാര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍, പരമോന്നത കോടതിയിലെ ജഡ്ജി ഡല്‍ഹിയിലെ ലെ മെരിഡിയന്‍ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് അഭിഭാഷകയുടെ ആരോപണം.