മുശര്‍റഫിന്റെ ഹരജി പാക് കോടതി തള്ളി

Posted on: December 24, 2013 12:26 am | Last updated: December 24, 2013 at 12:26 am

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റത്തില്‍നിന്നും പുറത്തുകടക്കാനുള്ള പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ ശ്രമം വിജയം കണ്ടില്ല. രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാന്‍ ഇദ്ദേഹത്തെ വിലക്കിക്കൊണ്ടുള്ള പ്രത്യേക കോടതിയുടെ ഉത്തരവിനെതിരായ ഹരജിയും പാക് കോടതി നിരസിച്ചു.
ഇസ്‌ലാമാബാദ് ഹൈക്കോടതി ജഡ്ജി റിയാസ് അഹ്മദ് ഖാനാണ് മുശര്‍റഫിന്റെ അഭിഭാഷകര്‍ നല്‍കിയ മറ്റ് മൂന്ന് ഹരജികള്‍ നിരസിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ നേരിട്ട് ഹാജരാകാന്‍ പ്രത്യേക കോടതി മുശര്‍റഫിന് സമന്‍സ് അയച്ചിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ മുന്‍ പട്ടാള സേച്ഛാധിപതി രാജ്യദ്രോഹക്കുറ്റം നേരിടുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ വിധിക്കപ്പെടാം. സൈനിക തലവനായിരിക്കെയാണ് അടിന്തരാസ്ഥ പ്രഖ്യാപിച്ചതെന്നതിനാല്‍ പട്ടാള കോടതിക്കെ തന്നെ വിചാരണ ചെയ്യാനാകുവെന്ന് മുശര്‍റഫ് ഹരജിയില്‍ പറയുന്നു. ഇടതുപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള പ്രോസിക്യൂട്ടര്‍ അക്രാം ശെയ്ഖിന് തന്നോട് കടുത്ത വെറുപ്പുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം നിരസിച്ച കോടതി മുശര്‍റഫിനോട് പ്രത്യേക കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു. സിന്ധി ഹൈക്കോടതിയാണ് മുശര്‍റഫിനെതിരായ യാത്രാവിലക്ക് നീക്കാനാകില്ലെന്ന് ഉത്തരവിട്ടത്.