സഫേല വിപണിയില്‍ വിലയിടിവ്; സ്വദേശികള്‍ കടലിലിറങ്ങാതെ പ്രതിഷേധിച്ചു

Posted on: December 23, 2013 5:29 pm | Last updated: December 23, 2013 at 5:29 pm

safelaസലാല: സഫേല വിളവെടുപ്പിന്റെ ആദ്യ ദിവസമായ ഇന്നലെ സ്വദേശികള്‍ കടലിറങ്ങിയില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരികള്‍ കുത്തനെ വില കുറച്ചതും സഫേലയുടെ ലഭ്യതക്കുറവുമാണ് കാരണമെന്നാണ് സ്വദേശികള്‍ പറയുന്നത്. സഫേലയുടെ മാര്‍ക്കറ്റ് വില കഴിഞ്ഞ വര്‍ഷത്തെ വിലയുടെ പകുതിയായി കുറഞ്ഞ സാഹചര്യത്തിലാണ് സ്വദേശികള്‍ മുഴുവനും കടലിലിറങ്ങാതെ പ്രതിഷേധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ തത്സമയ വില കിലോക്ക് 45-50 ഒമാനി റിയാലായിരുന്നു. എന്നാല്‍ ഈ വര്‍ഷം കിലോക്ക് 20 ഉം 25 മാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങല്‍ പരിശീലനം നടത്തുന്നതിനിടെ സഫേലയുടെ ലഭ്യതക്കുറവ് നേരിട്ട് ബോധ്യപ്പെട്ടതും സ്വദേശികള്‍ കടലിലിറങ്ങാതിരിക്കാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ സഫേല പ്രതീക്ഷിച്ചത്ര തുകക്ക് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ വില കുറക്കേണ്ടി വന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ദോഫാറില്‍ സഫേല ലഭിക്കുന്ന പ്രധാന കേന്ദ്രമായ സദയില്‍ പ്രമുഖ വ്യാപാരികള്‍ ഇത്തവണ വിപണനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഇന്നലെ മുതല്‍ തുടര്‍ച്ചയായ 10 ദിവസങ്ങളിലാണ് സഫേല ശേഖരണത്തിനും വിപണനത്തിനും അനുമതി നല്‍കിയിട്ടുളളത്. രാവിലെ പോലീസ് ചെക്ക് പോയിന്റില്‍ സഫേല ശേഖരണത്തിന് വേണ്ടി തയാറായി വന്ന പലരും പ്രതിഷേധത്തില്‍ പങ്കെടുത്ത് തിരിച്ചു പോവുകയായിരുന്നു. ദോഫാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സദ, ഹദ്ബീന്‍, മിര്‍ബാത്ത്, ശര്‍ബിതാത് തുടങ്ങിയ സഫേല വിളവെടുപ്പ് തീരപ്രദേശങ്ങളില്‍ സ്വദേശികള്‍ ധാരാളമെത്തിയിരുന്നു. സഫേല സീസണെ ആശ്രയിച്ച് നിലനില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലക്കും സ്വദേശികളുടെ പ്രതിഷേധം തിരിച്ചടിയാകും.
അതേ സമയം ഷെല്‍ ഫിഷ് വിഭാഗത്തില്‍ പെട്ട സഫേലയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സലാല ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അധികൃതര്‍ ബഹുമുഖ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ശര്‍ബിതാത്ത് മുതല്‍ മിര്‍ബാത്ത് വരെയുളള 180 കിലോമീറ്റര്‍ സ്ഥലമാണ് സഫേലക്ക് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥയുളളത്.
കഴിഞ്ഞ വര്‍ഷം സഫേല വിളവെടുപ്പിന് അധികൃതര്‍ 25 ദിവസത്തെ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം വിളവെടുക്കാതിരുന്നാല്‍ അടുത്ത വര്‍ഷം നല്ല വിളവെടുപ്പും മാന്യമായ വിലയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വദേശിയായ ഹൈതം അഹ്മദ് പറഞ്ഞു. വരും ദിവസങ്ങളിലും സ്വദേശികള്‍ പ്രതിഷേധം തുടരുമെന്നാണ് സൂചന.