സംസ്ഥാന ക്ലബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്: സെമി മത്സരങ്ങള്‍ ഇന്നുമുതല്‍

Posted on: December 23, 2013 2:04 pm | Last updated: December 23, 2013 at 6:02 pm

മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്നും നാളെയുമായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍നിന്നു സെമിയിലെത്തിയ കേരള പോലീസും എറണാകുളം ഈഗിള്‍സ് എഫ്.സിയുമായാണ് തിങ്കളാഴ്ച രാത്രി ഏഴിനു പോരാട്ടം.
പ്രീ ക്വാട്ടറില്‍ കോഴിക്കോട് ജില്ലാ ചാമ്പ്യനായ ക്വാര്‍ട്‌സ് സോക്കറിനെ ഒന്നിനെതിരെ രണ്ടും ക്വാര്‍ട്ടറില്‍ നിലവിലെ സംസ്ഥാന ക്ലബ്ബ് ചാമ്പ്യനായ തിരുവനന്തപുരം ഏജീസിനെ ഒന്നിനെതിരെ മൂന്നും ഗോളിന് പരാജയപ്പെടുത്തിയാണ് കേരള പോലീസ് സെമിയിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ വയനാട് ഫാല്‍ക്കന്‍സിനെ മറുപടിയില്ലാത്ത എട്ടും ക്വാര്‍ട്ടറില്‍ മലപ്പുറം ജില്ലാ ചാമ്പ്യനായ മങ്കട ഇന്‍ഡിപെന്‍ഡന്‍സ് സോക്കര്‍ ക്ലബ്ബിനെ ഏകപക്ഷീയമായ മൂന്നും ഗോളിനു തോല്‍പ്പിച്ചായിരുന്നു ഈഗിള്‍സിന്റെ സെമി പ്രവേശം.
സംസ്ഥാന ക്ലബ്ബ് ഫുട്ബാളില്‍ നിലവിലെ നാലാം സ്ഥാനക്കാരാണ് സന്തോഷ്‌ട്രോഫി താരം പി.രാഹുല്‍ നയിക്കുന്ന കേരള പോലീസ്. നവംബര്‍ രണ്ടാം വാരം ഹൈദരാബാദില്‍ നടന്ന അഖിലേന്ത്യാ പോലീസ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു പിന്നാലെയാണ് ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നോട്ടമിട്ട് പോലീസ് വയനാട്ടിലെത്തിയത്. അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരംപോലും വിട്ടുകൊടുക്കാതെയാണ് കേരള പോലീസ് ജേതാക്കളായത്.
ഇന്റര്‍നാഷണല്‍ താരം ഐ.എം.വിജയന്‍, സന്തോഷ്‌ട്രോഫി താരം സി.നസറുദ്ദീന്‍, ടി.ജിംഷാദ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പോലീസിന്റെ ആക്രമണനിര.
പി.പി.നിഷാദാണ് ഗോള്‍ കീപ്പര്‍. ജിപ്‌സണ്‍ ജസ്റ്റസ്, കെ.പി.അനീഷ്, ജിമ്മി ജോര്‍ജ് എന്നിവരാണ് മധ്യനിരയിലെ പ്രമുഖര്‍. സന്തോഷ് ട്രോഫി താരം മുഹമ്മദ് മര്‍സൂക്ക്, ടിന്‍സന്‍ ജസ്റ്റിന്‍, അജിത്ത് ഫെര്‍മന്‍, എസ്.സാബിര്‍ എന്നിവരടങ്ങുന്നതാണ് പ്രതിരോധമതില്‍. എട്ട് വര്‍ഷം പോലീസിന്റെ ആക്രമണനിരയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എം.എഫ്.സേവ്യറാണ് മുഖ്യപരിശീലകന്‍.
താരബഹുലമാണ് ഈഗിള്‍സ് എഫ്.സി. സക്കുബു കൊകൊ അറ്റാര്‍സ, ചാള്‍സ്, ഒഡിലി ഫെലിക്‌സ് ചിഡി(നൈജീരിയ),വിജയ് റോബര്‍ട്ട് ഡയസ്(അമേരിക്ക) എന്നിവര്‍ ഈഗിള്‍സിന്റെ വിദേശതാരങ്ങളാണ്. കേരളം, പഞ്ചാബ്, പശ്ചിമബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് മറ്റുകളിക്കാര്‍.
സന്തോഷ്‌ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജഴ്‌സിയണിഞ്ഞ ഗോള്‍ കീപ്പര്‍ കെ.വി.നസീബ്, അഹമ്മദ് മാലിക്, എ.എം.സുമേഷ്, കെ.നവാസ്, കെ.ജെ.അരുണ്‍, പഞ്ചാബുകാരന്‍ ഗോള്‍ കീപ്പര്‍ ജഗ്‌രൂപ്‌സിങ്. പശ്ചിമബംഗാളില്‍നിന്നുള്ള സ്‌ട്രൈക്കര്‍ നദൂങ് ബൂട്ടിയ തുടങ്ങിയവരും ഈഗിള്‍സ് പടയിലെ പ്രധാനികളാണ്. നൈജിരിയക്കാരന്‍ സക്കുബു കൊകൊയെയാണ് നായകന്‍. ഈഗിള്‍സ് താരങ്ങളില്‍ രണ്ടുപേര്‍ വയനാട്ടുകാരാണ്. കല്‍പറ്റക്കാരന്‍ ചാലില്‍ മുഹമ്മദ് സുഹൈലും പടിഞ്ഞാറെത്തറ സ്വദേശി പി.സി.അനിലും.
ബാംഗ്ലുരില്‍നിന്നുള്ള സ്റ്റാന്‍ലി റോസാരിയൊയാണ് ഈഗിള്‍സ് എഫി.സി കോച്ച്. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ സഹപരിശീലകനായിരുന്നു ഇദ്ദേഹം. ഡിസംബര്‍ ആദ്യമാണ് സ്റ്റാന്‍ലി ഈഗിള്‍സിന്റെ പരിശീലകനായി ചുമതലയേറ്റത്.