ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം: കലക്ടര്‍

Posted on: December 23, 2013 1:04 pm | Last updated: December 23, 2013 at 1:04 pm

പാലക്കാട്: സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയും വിലനിയന്ത്രണവും ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചു. ഭക്ഷ്യപദാര്‍ഥവും കുടിവെള്ളവും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതുപോലെ വേദിക്ക് സമീപം വില്‍ക്കുന്ന കുടിവെള്ളമുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും നടപടി വേണം.
ഇത് സംബന്ധിച്ച് വ്യാപാര സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. നഗരത്തില്‍ വണ്‍വേ ട്രാഫിക് സംവിധാനമുണ്ടാകും. ഇതു സംബന്ധിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ എം എല്‍ എ നിര്‍ദേശിച്ചു. കലോത്സവ വേദികളില്‍ നിന്ന് രാത്രികാലങ്ങളിലുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവര്‍മാരുടെ പട്ടിക മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കും. ഓരോ വേദിക്കരികിലും പരാതി പരിഹരിക്കുന്നതിനുളള വാഹനമുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംവിധാനമുണ്ടാകും.
മാലിന്യനിര്‍മാര്‍ജനത്തിനും പൊടി നിയന്ത്രിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കെ അച്യുതന്‍ എം എല്‍ എ പറഞ്ഞു. ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേദികള്‍ക്ക് സമീപം പ്രഥമശുശ്രൂഷാ സൗകര്യമുണ്ടാകും.
കലോത്സവത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. സ്വകാര്യ ആശുപത്രികളുടെ സേവനവും ലഭ്യമാക്കും.
മുന്‍സിപ്പാലിറ്റിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. അടുത്ത മാസം ഒന്നിന് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേരാനും തീരുമാനമായി.
യോഗത്തില്‍ ഡി പി ഐ ബിജുപ്രഭാകര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ കെ അച്യുതന്‍, ശാഫി പറമ്പില്‍, നഗരസഭാ അധ്യക്ഷന്‍ എ അബ്ദുല്‍ ഖുദ്ദൂസ്, എ ഡി എം കെ ഗണേശന്‍, എ ഡി പി ഐ വി കെ സരളമ്മ, വി എച്ച് എസ് സി ഡയറക്ടര്‍ സി കെ മോഹനന്‍, വിദ്യാഭ്യാസ ഉപാധ്യക്ഷന്‍ എം ഐ സുകുമാരന്‍ പങ്കെടുത്തു.