Connect with us

Malappuram

ആരോഗ്യ വകുപ്പിലെ വനിതാ ജീവനക്കാര്‍ക്ക് അമിത ജോലി ഭാരം

Published

|

Last Updated

മലപ്പുറം: ആരോഗ്യ വകുപ്പിലെ വനിതാ ജീവനക്കാരായ ജെ പി എച്ച് എന്‍മാര്‍ക്ക് അമിത ജോലി ഭാരം. ജെ പി എച്ച് എന്‍മാര്‍ അതാത് ദിവസം ചെയ്യുന്ന ജോലിയുടെ റിപ്പോര്‍ട്ട് നിരവധി റജിസ്റ്ററുകളില്‍ എഴുതി തയ്യാറാക്കുകയും, മേലധികാരികള്‍ക്ക് സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം അവയെല്ലാം ഓണ്‍ലൈനിലും സമര്‍പ്പിക്കേണ്ടതുമുണ്ട്.
ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടര്‍ നല്‍കുകയോ ആവശ്യമായ പരിശീലനം നല്‍കുകയോ ചെയ്തിട്ടില്ല. ജീവനക്കാര്‍ നിരവധി തവണ ഈ ആവശ്യങ്ങള്‍ മോലധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. ഓരോ തവണയും ഉടന്‍ പരിഹാരമുണ്ടാവുമെന്ന മറുപടിയാണ് അധികാരികളില്‍ നിന്നും ലഭിച്ചത്.
സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി അമിത ജോലിയാണ് മലപ്പുറം ജില്ലയിലെ ജെ പി എച്ച് എന്‍മാര്‍ ചെയ്യുന്നത്. മറ്റ് ജില്ലകളില്‍ നടക്കുന്നതിന്റെ പതിന്‍മടങ്ങ് പ്രസവമാണ് ജില്ലയില്‍ നടക്കുന്നത്. ബി പി എല്‍ വിഭാഗം സ്ത്രീകള്‍ക്ക് രണ്ട് പ്രവസം വരെ നല്‍കിയിരുന്ന ആനുകുല്യങ്ങള്‍ എത്ര പ്രസവത്തിനും ഏത് പ്രായക്കാര്‍ക്കും നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു.
ഇതിന് പുറമെ കഴിഞ്ഞ ദിവസം പ്രത്യേക ഇമെയില്‍ സന്ദേശത്തിലൂടെ ജെ പി എച്ച് എന്‍മാര്‍ ഓരോ ദിവസവും ചെയ്യുന്ന വര്‍ക്കിന്റെ റിപ്പോര്‍ട്ട് അതേ ദിവസം ഉച്ചക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. കമ്പ്യൂട്ടര്‍ ഇല്ലെങ്കിലും കഫെയില്‍ പോയി ഇത് ചെയ്തിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ അതാത് മാസത്തെ റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ തന്നെ പാടുപെടുമ്പോഴാണ് ഇതെന്നതാണ് ഏറെ വിചിത്രം.
ജില്ലയിലെ ജെ പി എച്ച് എന്‍മാരുടെ ജോലി ഭാരം വര്‍ധിപ്പിക്കുന്ന നിര്‍ദേശം പിന്‍വലിക്കണമെന്നും ജീവനക്കാര്‍ക്ക് അടിയന്തിരമായി ലാപ്‌ടോപ്പ് നല്‍കുകയും ആവശ്യമായ പരിശീലനം നല്‍കുകയും വേണമെന്ന് കേരള എന്‍ ജി ഒ യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest