നടന്‍ ദിലീപിന്റെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ കണ്ടെത്തി

Posted on: December 21, 2013 8:03 pm | Last updated: December 22, 2013 at 6:54 pm

dileepകൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ കണ്ടെടുത്തു. ഒപ്പം വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ പരിശോധന തുടരുകയാണെന്ന് സെന്‍ട്രല്‍ എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

സംവിധായകന്‍ ലാല്‍ ജോസിന്റേയും, ക്യാമറാമാന്‍ സുകുമാറിന്റേയും ഓഫീസിലും, മറ്റു ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ ഓഫീസുകളിലും റെയ്ഡ് നടത്തുന്നുണ്ട്. സേവന നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

രാജ്യവ്യാപകമായി സെന്‍ട്രല്‍ എക്‌സൈസ് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായാണ് റെയ്ഡ്. സേവന നികുതി അടയ്ക്കാത്ത വ്യക്തികളില്‍ നിന്നും അത് ഈടാക്കുന്നതിനായി സെട്രല്‍ ഗവണ്‍മെന്റ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. സേവന നികുതി അമ്പത് ലക്ഷത്തില്‍ കൂടുല്‍ ഉള്ളവര്‍ അത് അടച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഒരു വോളണ്ടറി സ്‌കീം വഴി ഈ നികുതി നല്‍കുന്നതിന് ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതും പാലിക്കാതെ നികുതി കുടിശ്ശിക വരുത്തിയവരില്‍ നിന്നും ഇത് പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.