Connect with us

Gulf

ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ ഗള്‍ഫിന്റെ വര്‍ത്തമാനം

Published

|

Last Updated

സംഭവബഹുലമായ ഒരു വര്‍ഷം കൂടി പൊഴിഞ്ഞുപോകുന്നു. 2014ലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഓരോരുത്തരും കടന്നുപോകുന്ന വര്‍ഷത്തിലേക്ക് ഒരു തവണയെങ്കിലും തിരിഞ്ഞുനോക്കും. നഷ്ടങ്ങളും നേട്ടങ്ങളും സ്വാഭാവികം. ചിലര്‍ക്ക്, ഒരുപാട് നഷ്ടങ്ങള്‍. എന്നാല്‍, അതിനിടയില്‍ ചെറിയ നേട്ടങ്ങള്‍ കൈവന്നിട്ടുണ്ട്. അവ അദൃശ്യമായിരിക്കാം. ഗണനീയമല്ലത്തതാവാം. എന്നാലും അവ നേട്ടങ്ങളാണ്. ഒന്നുമില്ലെങ്കില്‍, ഒരു വര്‍ഷം കൂടി ആയുസ് നീട്ടിക്കിട്ടിയല്ലോ?
വ്യക്തിപരമായും സാമൂഹികമായും നിരവധി സംഭവങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. ചിലര്‍ക്ക് കുഞ്ഞു പിറന്നിരിക്കാം, ചിലര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കാം. ഉദ്യോഗക്കയറ്റം കിട്ടിയിരിക്കാം. ഒരുപാട് കാലത്തിനു ശേഷം നാട്ടില്‍ പോകാന്‍ കഴിഞ്ഞിരിക്കാം. അങ്ങിനെ പലതാണ്, പ്രവാസികള്‍ക്ക് നഷ്ടസമൃതികള്‍. സാമൂഹികമായി, 2013 മോശമായിരുന്നില്ല. യു എ ഇക്കാരെ സംബന്ധിച്ചിടത്തോളം വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിച്ചതിന്റെ ആരവം അടങ്ങിയിട്ടില്ല. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലെ സാംസ്‌കാരിക ചടങ്ങുകള്‍ പകര്‍ന്നു നല്‍കിയ ധിഷണതയുടെ പ്രകാശം കെട്ടുപോയില്ല. ഇന്ത്യയും യു എ ഇയും വാണിജ്യ ബന്ധം മെച്ചപ്പെട്ടതിന്റെ അഭിമാന ബോധം മറക്കാറായിട്ടില്ല.
എന്നാല്‍, ഭീതിപ്പെടുത്തുന്ന ചില സാമൂഹിക വിപത്തുകള്‍ കൂടുതല്‍ വലകെട്ടിയെന്നതും കാണാതിരിക്കരുത്. ആത്മഹത്യകള്‍ പെരുകുകയാണ്; മദ്യാസക്തി വര്‍ധിക്കുകയാണ്. ബോധവത്കരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും പലപ്പോഴും പ്രതീക്ഷ കെട്ടുപോവുകയാണ്.
യു എ ഇ അടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളും വാണിജ്യ മേഖലയില്‍, മുന്നോട്ടു പോകുന്നു. എണ്ണ വില സ്ഥിരത പ്രകടിപ്പിക്കുന്നതും നിര്‍മാണ മേഖല തഴച്ചു വളരുന്നതുമാണ് കാരണം. ഇതിനു പുറമെയാണ്, വന്‍ രാഷ്ട്രങ്ങളെ പരാജയപ്പെടുത്തി, വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യം നേടാന്‍ യു എ ഇക്കു കഴിഞ്ഞത്. റഷ്യ, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായാണ് പാരീസില്‍ മത്സരിച്ചത്. യു എ ഇയിലെ മുഴുവന്‍ ജനതയെയും ആവേശത്തിലാഴ്ത്തി. “വേള്‍ഡ് എക്‌സ്‌പോ” നേടിയെടുത്തു. ആറ് വര്‍ഷത്തിനു ശേഷമാണ് വേള്‍ഡ് എക്‌സ്‌പോ നടക്കുകയെങ്കിലും ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജബല്‍ അലി വേള്‍ഡ് സെന്‍ട്രലില്‍ 500 ഓളം ഹെക്ടറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. ഇമാര്‍ പ്രോപ്പര്‍ട്ടീസിനാണ് ആദ്യ കരാര്‍ ലഭിച്ചത്.
ആറ് മാസം നീണ്ടുനില്‍ക്കുന്നതാണ് വേള്‍ഡ് എക്‌സ്‌പോ. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ ഇവിടെയുണ്ടാകും. അവരുടെ ഉത്പന്നങ്ങള്‍, സാംസ്‌കാരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കും. കലാപ്രകടനങ്ങളും സെമിനാറുകളും നടക്കും. രണ്ട് കോടി സന്ദര്‍ശകരെയാണ് യു എ ഇ പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ തയാറായിട്ടുണ്ട്. വേള്‍ഡ് സെന്‍ട്രലിലെ രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കും. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയുടെ ഒരു കൈവഴി വേള്‍ഡ് സെന്‍ട്രലിലുണ്ടാകും. അതുകൊണ്ടു തന്നെ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരിച്ചും ധാരാളം യാത്രക്കാരെത്തും.
4,000 കോടി ദിര്‍ഹമാണ് റെയില്‍പാതക്കു വണ്ടി യു എ ഇ ചെലവുചെയ്യുന്നത്. 2018 ഓടെ പണി പൂര്‍ത്തിയാകും. മൂന്ന് ഘട്ടങ്ങളായാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ റുവൈസ് മുതല്‍ ഷാഹ് വരെ 266 കിലോമീറ്ററിലാണ് പാത. 2,177 കിലോമീറ്ററിലാണ് ജി സി സി പാത. 73,400 കോടി ഡോളറാണ് മൊത്തം ചെലവ്.
ജി സി സി റെയില്‍പാതക്ക് അനുബന്ധമായി വേറെയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നര്‍ഥം. സഊദിയിലെ നിതാഖാത് ചെറിയ തിരിച്ചടിയാണ്. എന്നാല്‍ വിദേശ തൊഴില്‍ ശക്തിയില്ലാതെ, ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ അസാധ്യം.
ഇന്ത്യയുടെ മാനവശേഷിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യം. ഏതൊരും കാര്യവും വിശ്വസിച്ചേല്‍പ്പിക്കാമെന്ന ധാരണക്ക് കോട്ടം വന്നിട്ടില്ല. ഇന്ത്യയും യു എ ഇയും തമ്മിലെ വാണിജ്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നത് ആ വിശ്വാസ ബലത്തിലാണ്. ഉഭയകക്ഷി വ്യാപാരം 2012-13ല്‍ 7,500 ഡോളറില്‍ എത്തിനില്‍ക്കുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഇരട്ടി വളര്‍ച്ചയാണ് നേടിയത്.
ഏതാനും ദിവസം മുമ്പ് ഇന്ത്യയും യു എ ഇയും ഒപ്പുവെച്ച നിക്ഷേപ സംരക്ഷണ കരാര്‍ ചെറുകിട ചില്ലറ വില്‍പ്പന മേഖലക്കും ഗുണം ചെയ്യും. ഗള്‍ഫില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നു. പൊടുന്നനെ, ഈ സ്ഥാപനങ്ങള്‍ സ്വദേശികളുടെ കൈകളിലേക്ക് വഴുതിപ്പോകുന്ന അവസ്ഥ ഇല്ലാതെയാകും. അങ്ങിനെ, ഗള്‍ഫില്‍ ജീവിതോപാധി തേടിയെടുത്തുന്ന വിദേശികള്‍ക്ക്, വിശേഷിച്ച് ഇന്ത്യക്കാര്‍ക്ക് നല്ലകാലമാണ് വരാന്‍ പോകുന്നത്. അതേസമയം, വാടക വര്‍ധനവും ജീവിതച്ചെലവ് കൂടുന്നതും ആശങ്കയുളവാക്കുന്നു. ഇതിനു താമസിയാതെ പരിഹാരമാകുമെന്നാണ് കരുതുന്നത്. വാടക വര്‍ധന നിയന്ത്രണ സംവിധാനങ്ങള്‍ അണിയറയില്‍ തയാറായി വരുന്നുണ്ട്. മുമ്പത്തെ നിയമത്തെക്കാള്‍ കര്‍ശന വ്യവസ്ഥകള്‍ അടങ്ങുന്നതാണ് പുതിയ നിയമം എന്നാണ് മനസിലാകുന്നത്. ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുക.
മലയാളികള്‍ക്കിടയില്‍ മദ്യ ഉപഭോഗത്തിനെതിരെയും ആത്മഹത്യകള്‍ക്കെതിരെയും വ്യാപക ബോധവത്കരണം അനിവാര്യമായിരിക്കുന്നു. ഷാര്‍ജയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ പോലും ആത്മഹത്യ ചെയ്തത് ഏവരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ടവര്‍, ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയവര്‍ ഇത്തരത്തില്‍ ദുര്‍ബല മനസ്‌കരായാല്‍ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ല. ഈ മാസം ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും നിരവധി പേര്‍ ജീവനൊടുക്കി. വീട്ടമ്മമാരില്‍ ആത്മഹത്യാ പ്രവണത കൂടുന്നുവെന്നാണ് കണക്കുകള്‍. ഇതിനെതിരെ സംഘടനകള്‍ ഒന്നടങ്കം രംഗത്തുവരേണ്ടതുണ്ട്. എല്ലാ തുരങ്കള്‍ക്കുമൊടുവില്‍ പ്രകാശമുണ്ടെന്നത് തിരിച്ചറിയണം. 2014 ആത്മഹത്യയില്ലാത്ത വര്‍ഷമാകട്ടെ. മദ്യപാനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കട്ടെ.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest