Connect with us

Gulf

പിതാവ് ഉപേക്ഷിച്ചു പോയ മകനുമായി നാട്ടില്‍ പോകാനാകാതെ മലയാളി യുവതി

Published

|

Last Updated

മസ്‌കത്ത്: ബുദ്ധിമാന്ദ്യമുള്ള, സംസാര ശേഷിയില്ലാത്ത മകനുമായി ഏഴു വര്‍ഷത്തോളമായി ഒമാനില്‍ നിയമവിരുദ്ധമായി തങ്ങുന്ന മലയാളി യുവതി ഇന്ത്യന്‍ എംബയില്‍ സഹായം തേടിയെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മിനിയാണ് ഏഴു വയസ്സുള്ള മകന്‍ മുഹമ്മദ് അഫ്‌സലുമായി എംബസിയിലെത്തി അധികൃതരോട് നാട്ടില്‍ പോകാന്‍ സഹായമഭ്യര്‍ഥിച്ചത്. മസ്‌കത്തില്‍ വെച്ച് പരിചയപ്പെട്ട നിലമേല്‍ സ്വദേശി അശ്‌റഫാണ് അഫ്‌സലിന്റെ പിതാവ്. ഏറെക്കാലം ഒരുമിച്ചു താമസിച്ച ശേഷം മിനിയെയും മകനെയും ഉപേക്ഷിച്ച് രണ്ടു വര്‍ഷം മമ്പാണ് അശ്‌റഫ് നാട്ടിലേക്കു പോയത്. പിന്നീട് മിനിയും കുട്ടിയും അനാഥമാവുകയായിരുന്നു.
ഒമാനില്‍ വെച്ച് അശ്‌റഫില്‍ ജനിച്ച മുഹമ്മദ് അഫ്‌സലിന് പാസ്‌പോര്‍ട്ടില്ല. സംസാരശേഷയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള കുട്ടിയുമായി മിനി രണ്ടര വര്‍ഷമായി പലരുടെയും സഹായത്തോടെ സമാഇലില്‍ കഴിഞ്ഞു വരുന്നു. ചില അറബി വീടുകളില്‍ അടുക്കള ജോലിയും മറ്റും ചെയ്തു കൊടുത്ത് ഭക്ഷണം കഴിക്കും. അശ്‌റഫ് പോയതിനു ശേഷം വാടക വീട്ടില്‍നിന്നും ഒഴിയേണ്ടി വന്നു. ഇപ്പോള്‍ ഒരു ശ്രീലങ്കന്‍ കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാത്രി കിടന്നുറങ്ങുന്നത്. രാവിലെ ഇവിടെ നിന്നും മറ്റിടങ്ങളിലേക്കു പോകും.
സീബിലെ ഒരു അറബി വീട്ടില്‍ ജോലിക്കെത്തിയ മിനി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് മറ്റൊരു മലയാളി സ്ത്രീയുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ജോലി അന്വേഷിച്ചാണ് അശ്‌റഫിന്റെ അടുത്തെത്തിപ്പെടുന്നത്. ജോലി നല്‍കാമെന്നു പറഞ്ഞ് അദ്ദേഹം കൂടെത്താമസിപ്പിച്ചു. അടുപ്പത്തിലായ ഇവര്‍ വിവാഹം കഴിച്ചില്ലെങ്കിലും ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ ജീവിച്ചു. മിനിയുടെ വീട്ടില്‍ എതിര്‍പ്പുണ്ടായെങ്കിലും അശ്‌റഫിന്റെ കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നു ബന്ധം. മിനി അശ്‌റഫിന്റെ വീട്ടില്‍ പതിവായി വിളിച്ചു കൊണ്ടിരുന്നു. ഇതിനിടെ മിനിയുടെ വിസ കാലാവധി തീര്‍ന്നിരുന്നു. അതു കൊണ്ട് മകന് പാസ്‌പോര്‍ട്ടെടുക്കാനും കഴിഞ്ഞില്ല.
രണ്ടു വര്‍ഷം മുമ്പ് അശ്‌റഫ് പോയതോടെ ചിത്രം മാറി. നാട്ടില്‍ പോയ അയാള്‍ ക്രമേണ വിളിക്കാതെയായി. താന്‍ മനപൂര്‍വം വരാത്തതാണെന്നാണ് അദ്ദേഹം നാട്ടില്‍ ബന്ധുക്കളെ ധരിപ്പിച്ചതെന്നും മകനെ പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടുവെന്നും മിനി പറയുന്നു. വിസയില്ലാതെ നില്‍ക്കുകയാണെന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹം നുണ പറഞ്ഞത്. ഇനിയെന്തായാലും അദ്ദേഹത്തിനൊപ്പം പോകില്ല. നാട്ടിലെത്തിയാല്‍ സ്വന്തം കുടുംബം അഭയം തരുമെന്നാണ് പ്രതീക്ഷ. എവിടെയെങ്കിലും ജോലി ചെയ്ത് മകനെ പഠിപ്പിക്കണം. ഈ തവണയെങ്കിലും എംബസി അധികൃതര്‍ കനിയുമെന്നാണ് പ്രതീക്ഷയെന്നും മിനി പറഞ്ഞു. ഒരാഴ്ചക്കകം മിനിക്കും മകനും നാട്ടില്‍ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കി നല്‍കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.