പിടികൂടിയത് 20 ലോഡ് മണല്‍: ധര്‍മ്മടത്തും പയ്യന്നൂരിലും മണല്‍വേട്ട

Posted on: December 21, 2013 8:09 am | Last updated: December 21, 2013 at 8:09 am

തലശ്ശേരി: മണല്‍വാരല്‍ നിരോധനക്കാലത്ത് കരിഞ്ചന്തയില്‍ വില്‍ക്കാനായി മേലൂര്‍ കടവില്‍ അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ച 16 ലോഡ് മണല്‍ ധര്‍മ്മടം പോലീസ് പിടികൂടി റവന്യൂ അധികൃതര്‍ക്ക് കൈമാറി. അഞ്ചരക്കണ്ടി പുഴയില്‍ മേലൂര്‍ ബോട്ട് ജെട്ടിക്കടുത്ത കടവില്‍ നിന്നും ധര്‍മ്മടം പ്രിന്‍സിപ്പല്‍ എസ് ഐ. സി ഷാജു, എ എസ് ഐ ശങ്കുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് ഏകദേശം 60 ടണ്ണോളം വരുന്ന മണല്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് പോലീസ് സംഘം റെയ്ഡിനെത്തിയത്. പോലീസിനെ കണ്ടതോടെ കടവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ലോറി ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു. മേലൂര്‍ കടവില്‍ നിന്നും അഞ്ച് ലോഡ് മണല്‍ ശേഖരിക്കാനാണ് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ മറവിലാണ് വന്‍തോതില്‍ മണല്‍വാരലും കടത്തും നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ദിവസം മണല്‍ വാരല്‍ പാടില്ല. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് അനധികൃതമായി ശേഖരിച്ച മണല്‍ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച മുതല്‍ മണല്‍വാരലിന് പൂര്‍ണ നിരോധനം നടപ്പിലാക്കുന്നുണ്ട്. നിരോധനം മറികടന്ന് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങളില്‍ വന്‍തോതില്‍ പുഴ മണല്‍ ശേഖരിച്ചതായി സൂചനയുണ്ട്. എന്നാല്‍ പുഴകളില്‍ നിന്നും നിയമാനുസൃതം മണല്‍വാരി ഉപജീവനം കഴിയുന്ന തൊഴിലാളികളെ റവന്യൂസംഘവും പോലീസും അനാവശ്യമായി ദ്രോഹിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. സ്ത്രീകളുള്‍പ്പെടെ നൂറോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ നിരോധനം വരുന്നതോടെ പട്ടിണിയിലാവുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
പയ്യന്നൂര്‍: അനധികൃതമായി കടത്തികൊണ്ടുപോകുകയായിരുന്ന മണല്‍ നിറച്ച നാല് ലോറികള്‍ പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവര്‍മാരും ക്ലീനര്‍മാരുമടക്കം എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിനെ വെട്ടിച്ചു കടന്നുപോയ ഒരു ലോറി തളിപ്പറമ്പ് പോലീസിന് വിവരം നല്‍കിയതനുസരിച്ച് തളിപ്പറമ്പില്‍ വച്ച് എസ് ഐ. എ അനില്‍കുമാറാണ് പിടികൂടിയത്. ഡ്രൈവര്‍മാരായ പടന്നക്കാട് സ്വദേശി കെ. സതീശന്‍ (36), പാലക്കാട് ചിരറൂര്‍ കപ്പയംകൊളമ്പ് സ്വദേശി എ ഇസ്മയില്‍ (43), കര്‍ണാടകയിലെ വിറ്റ്‌ലയിലെ റഫീഖ് ആറോണ്‍ (34) എന്നിവരും ക്ലീനര്‍മാരായ ചിററൂര്‍ വണ്ടിത്താവളത്തെ വി വി മണികണ്ഠന്‍ (40), പഴനിയാര്‍ പാളയത്തെ ഷംസുദ്ദീന്‍ (37), ഡിന്‍ഡിക്കല്‍ ഭദ്രകുണ്ട സ്വദേശി എഫ് മൂര്‍ത്തി, പാലക്കാട് സ്വദേശി ഇ മോഹനന്‍, കോയമ്പത്തൂര്‍ സ്വദേശി എസ് അയൂബ് എന്നിവരാണ് പയ്യന്നൂരില്‍ പിടിയിലായത്. മീന്‍കയറ്റി പോകുന്ന ലോറി എന്ന വ്യാജേന ടാര്‍പോളിന്‍ പൊതിഞ്ഞുകെട്ടി മണല്‍ കടത്തുകയായിരുന്നു.