Connect with us

Kozhikode

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് താത്കാലികമായി തടഞ്ഞത് ഇടക്കാലാശ്വാസം

Published

|

Last Updated

താമരശ്ശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം മലയോര ജനതയുടെ ആശങ്കകള്‍ക്ക് ഇടക്കാലാശ്വസമായി. റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലകളില്‍ നടന്ന ശക്തമായ പ്രതിഷേധവും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദവുമാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
തിരുവമ്പാടി, കോടഞ്ചേരി, നെല്ലിപ്പൊയില്‍, പുതുപ്പാടി വില്ലേജോഫീസുകളില്‍ നടന്നുവരുന്ന അനിശ്ചിതകാല ധര്‍ണയും പൊതുയോഗങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായത്.
ഇന്ന് നടക്കാനിരുന്ന സ്ത്രീകളുടെ കലക്ടറേറ്റ് മാര്‍ച്ച് മാറ്റിവെച്ചെങ്കിലും വില്ലേജോഫീസുകള്‍ത്ത് മുന്നില്‍ ധര്‍ണ സംബന്ധിച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി തീരുമാനമെടുത്തിട്ടില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മലയോര ജനതയുടെ ജീവിതം വഴിമുട്ടുമെന്നും താത്കാലികമായി നിര്‍ത്തിവെക്കുന്നതില്‍ കാര്യമില്ലെന്നുമാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാതെ കര്‍ഷകരുടെ ആശങ്കക്ക് പരിഹാരമാകില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest