Connect with us

National

മാപ്പ് പറയില്ല; കേസുമായി മുന്നോട്ടെന്ന് യു എസ്

Published

|

Last Updated

ന്യൂഡല്‍ഹി/ന്യൂയോര്‍ക്ക്: ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെക്കെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും യു എസ് തള്ളി. കേസ് പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും യു എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു എന്‍ പ്രതിനിധി സംഘത്തിലേക്കുള്ള ദേവയാനിയുടെ പുതിയ നിയമനത്തിന് അമേരിക്കയുടെ അംഗീകാരം ആവശ്യമാണ്. അത് നല്‍കില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഫോണ്‍ ചെയ്യുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യു എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ യു എസ് മാപ്പ് പറയണമെന്ന ആവശ്യം പാര്‍ലിമെന്ററി കാര്യമന്ത്രി കമല്‍നാഥ് ഇന്നലെയും ആവര്‍ത്തിച്ചു. ഒരു സാഹചര്യത്തിലും അമേരിക്കന്‍ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ല. വെറും ഖേദപ്രകടനമല്ല രാജ്യം ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും അതില്‍ മാപ്പ് പറയുന്നു എന്നുമാണ് അവര്‍ ഇന്ത്യയെ അറിയിക്കേണ്ടതെന്നും കമല്‍നാഥ് പറഞ്ഞു.
അതേസമയം, ദേവയാനിയെ പരസ്യമായി അറസ്റ്റ് ചെയ്യുകയും ദേഹപരിശോധനക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യയും യു എസ്സും യുക്തിപരമായ അന്തിമതീരുമാനത്തിലെത്തുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. ദേവയാനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ യു എസ് വിസമ്മതിച്ചതിനു പിന്നാലെയാണ് ഖുര്‍ശിദ് ഇങ്ങനെ പ്രതികരിച്ചത്.
രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ ന്യൂയോര്‍ക്കില്‍ “കൈകാര്യം” ചെയ്ത രീതി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി നിക്ഷേപങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ടു മാത്രമേ രാജ്യത്തിന് യുക്തമായ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ യു എസ്സും ബോധവാന്മാരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. ദേവയാനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാ ന്‍ കഴിയില്ലെന്ന അമേരിക്കയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.
ദേവയാനി പ്രശ്‌നത്തില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയിലെ യു എസ് എംബസിക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിച്ചിരുന്നു.

 

---- facebook comment plugin here -----

Latest