‘ഒമാന്‍ മാള്‍’ നിര്‍മാണത്തിന് കരാറായി

Posted on: December 20, 2013 6:44 pm | Last updated: December 20, 2013 at 6:44 pm

lulu-mall-kochiമസ്‌കത്ത്: രാജ്യത്തെ വലിയ ഷോപിംഗ്, വിനോദ സഞ്ചാര സമുച്ഛയമായി ബോഷറില്‍ നിര്‍മിക്കുന്ന ഒമാന്‍ മാളിന് കരാറായി. . 180 ദശലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന മാളിന്റെ നിര്‍മാണത്തിന് മസ്‌കത്ത് നഗരസഭയും നിര്‍മാതാക്കളായ മാജിദ് അല്‍ ഫുതൈ്വം ഗ്രൂപ്പും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. ദുബൈ മാള്‍ മാതൃകയിലാണ് രാജ്യത്തെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള മാളായി ഒമാന്‍ മാള്‍ യാഥാര്‍ഥ്യമാകുന്നത്.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ചെലവു കുറഞ്ഞ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് ഒമാന്‍ മാളല്‍ നിര്‍മിക്കുന്നതെന്ന് മസ്‌കത്ത് നഗരസഭാ ചെയര്‍മാന്‍ എന്‍ജി. മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖ് പറഞ്ഞു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ഗുണകരമാകുന്നതാണ് മാള്‍ പദ്ധതി. പ്രാഥമിക രൂപകല്‍പന അനുസരിച്ച് 157,000 ചതുരശ്രമ മീറ്റര്‍ പ്രദേശത്താണ് മാള്‍ നിര്‍മിക്കുക. 350 റീട്ടെയില്‍ ഷോപ്പുകള്‍ മാളിലുണ്ടാകും. 2017ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മാളില്‍ 3500 തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. പരോക്ഷമായ തൊഴിലവസരങ്ങള്‍ വേറെയും സൃഷ്ടിക്കപ്പെടും.
മസ്‌കത്തിലെ ഏറ്റവും വലിയ മാള്‍ എന്നാണ് അധികൃതര്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. നഗരത്തിലെ വിനോദ, വിപണി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് മാള്‍ സ്ഥാപിക്കുന്നത്.
ഇന്നലെ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ജി. മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖും മാജിദ് അല്‍ ഫുതൈ്വം ഗ്രൂപ്പ് സി ഇ ഒ ജോര്‍ കോസ്റ്റാസുമാണ് കരാറില്‍ ഒപ്പു വെച്ചത്. ഒമാന്‍ മാള്‍ കൂടി വരുന്നതോടെ ബോഷര്‍ നഗരത്തിലെ മാള്‍ പ്രദേശമായി മാറും. മസ്‌കത്ത് ഗ്രാന്‍ഡ് മാള്‍ ബോഷറിലാണ് സ്ഥിതി ചെയ്യുന്നത്. സമീപത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാളായി വികസിപ്പിക്കുന്നതായി പറയുന്നു.