അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Posted on: December 19, 2013 3:09 pm | Last updated: December 21, 2013 at 10:17 am

Sister-Abhayaകൊച്ചി: അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പ്രാഥമിക തെളിവുകള്‍ നശിപ്പിച്ചതടക്കമുള്ള സംഭവങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ തിരുവനന്തപുരം സി ബി ഐ കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹരിലാലിന്റെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി തുടങ്ങിയവ നശിപ്പിച്ചതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുടരന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ടും രേഖകകളും കോടതി മടക്കി നല്‍കി.

മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ക്രൈംബ്രാഞ്ച് എസ് പിയുമായ കെ ടി മൈക്കിളിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കണ്ടെടുത്ത തെളിവുകള്‍ സിബിഐ ഏറ്റെടുത്ത ശേഷം നശിപ്പിക്കപ്പെട്ടെന്നും ആരോപിച്ചാണ് അദ്ദേഹം ഹരജി നല്‍കിയത്.