എം ഉമ്മര്‍ എം എല്‍ എയുടെ സത്യഗ്രഹം ഇന്ന് മുതല്‍

Posted on: December 19, 2013 7:34 am | Last updated: December 19, 2013 at 7:34 am

മലപ്പുറം: ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിനെതിരെ അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഇന്ന് മുതല്‍ ജനറല്‍ ആശുപത്രിയില്‍ സത്യാഗ്രഹമിരിക്കും. ഡോക്ടര്‍മാരുടെ സ്‌പെഷല്‍ ഒ പി ബഹിഷ്‌ക്കരണം രോഗികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പ്രവണതയും ഏറുകയാണ്. രോഗികളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി മെഡിക്കല്‍ എത്തിക്‌സിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഓഫീസര്‍മാരെ നിയമിക്കണം എന്ന ആവശ്യത്തിന് മഞ്ചേരി ആശുപത്രിയില്‍ സമരം ചെയ്യുന്നതെന്തിനാണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസ് അസോസിയേഷന്‍ വ്യക്തമാക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. ഈ സമരം സര്‍ക്കാര്‍ സര്‍വീസ് ലംഘനമാണെന്നും രോഗികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.