Connect with us

Malappuram

ഡോക്ടര്‍മാര്‍ നാളെ മുതല്‍ കൂട്ട അവധിയിലേക്ക്; ആരോഗ്യ പ്രവര്‍ത്തനം താളംതെറ്റുന്നു

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ജില്ലയോടുള്ള സര്‍ക്കാറിന്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട് പോകുന്നത്. നാല് മാസത്തോളമായി ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഒ പി ബഹിഷ്‌കരണമടക്കമുള്ള സമരത്തിലേക്ക് നീങ്ങിയത്. ഇന്നലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ഭാരവാഹികള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരം കണ്ടില്ല. ഇന്നുകൂടി കെ ജി എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല കൂട്ട അവധി എടുക്കുമെന്ന് കെ ജി എം ഒ എ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ ക്യാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, അപ്‌ഗ്രേഡ് ചെയ്ത കമ്മ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രകളില്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, ഭൗതിക സൗകര്യം ഒരുക്കുക, ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കുക, മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തുമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കുക, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ജില്ലയിലെ സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ കാഡറിലെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുകയും പുനക്രമീകരിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്യുക, ജില്ലയിലെ അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:1 ആക്കുക, ആശുപത്രികള്‍ക്കും ജിവനക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുക, അച്ചടക്ക നടപടികളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ജി എം ഒ എ സമരം നടത്തുന്നത്.
ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്. രോഗികള്‍ക്ക് അനുവദിച്ച കിടക്കകളുടെ എണ്ണവും ഏറെ കുറവ്. 1960 ലെ സ്റ്റാഫ് പാറ്റേണാണ് ഇന്നുമുള്ളത്. നിലവില്‍ ആറ് താലൂക്ക് ആശുപത്രിയും ഒരു ജില്ലാ ആശുപത്രിയും ഒരു ജനറല്‍ ആശുപത്രിയും ഒരു മെഡിക്കല്‍ കോളജുമാണ് ജില്ലയിലുള്ളത്. 41.1 ലക്ഷം ജനസംഖ്യയുള്ള ജില്ലക്ക് 1404 കിടക്കകളാണ് ആകെയുള്ളത്. നിലവില്‍ ജില്ലയില്‍ 11,388 പേര്‍ക്ക് ഒരു ഡോക്ടര്‍ ആണെങ്കില്‍ മറ്റുള്ള ജില്ലകളില്‍ ഇത് 5000 മുതല്‍ 9000 പേര്‍ക്ക് എന്ന നിലയിലാണ്. ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 49 സ്റ്റാഫ് നേഴ്‌സ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഊര്‍ജിത ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് വലയതോതില്‍ ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

 

Latest