Connect with us

Kasargod

ഇടയിലക്കാട് പാലം ഉദ്ഘാടനം ഇന്ന്

Published

|

Last Updated

തൃക്കരിപ്പൂര്‍: വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പാലത്തിന് വേണ്ടിയുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് അറുതിയായി. ഇടയിലക്കാടില്‍നിന്ന് വലിയപറമ്പയിലേക്ക് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച വെള്ളാപ്പ് റോഡുപാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മം ഇന്ന് രാവിലെ 11.30ന് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് നിര്‍വഹിക്കും. ഇതോടെ കനത്ത മഴയിലും കാലവര്‍ഷത്തിലുംദ്വീപ്‌നിവാസികള്‍ അനുഭവിച്ചുപോരുന്ന യാത്രാദുരിതം ഓര്‍മയാകും.
ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയറമാന്‍ സി ടി അഹമ്മദലി, മുന്‍ എം എല്‍ എ. കെ പി സതീഷ് ചന്ദ്രന്‍, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദീന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, കെ വി ഗംഗാധരന്‍, ടി വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കഴിഞ്ഞ പതിമൂന്നുമുതല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയ ഈ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മമാണ് നാളെ നടക്കുക. 2006ല്‍ അന്നത്തെ മന്ത്രി എം കെ മുനീര്‍ തറക്കല്ലിട്ട ഈ പാലത്തിന്റെ എസ്റ്റിമേറ്റ് 7.08 കോടി രൂപയായിരുന്നു. പിന്നീട് 14.16 കോടിയായും തുടര്‍ന്ന് വിവിധ തവണകളായി എസ്റ്റിമേറ്റ് തുക 18 കോടിയിലെത്തുകയും ചെയ്തു. ഇതിനിടയില്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി നിരവധി തവണ നിലക്കുകയും ചെയ്തു.
24 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതി ചെയ്യുന്ന വലിയപറമ്പ പഞ്ചായത്തിന്റെ മധ്യത്തില്‍ പണിത ഈ പാലത്തിന് 283 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് ഉള്ളത് കാല്‍നട യാത്രക്കായി പ്രത്യേക നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പയ്യന്നൂരില്‍നിന്ന് ഇടയിലക്കാടിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് പാലം വഴി പടന്ന കടപ്പുറത്തേക്ക് നീട്ടിയത്ത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. പാലത്തിന്റെ ഉദ്ഘാടനത്തോട് കൂടി ഈ ബസ് സര്‍വിസ് ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാടക്കാള്‍ തൂക്കുപാലം തകര്‍ന്നതോടെ യാത്രാ ദുരിതംകൊണ്ട് പൊറുതിമുട്ടുന്ന ദ്വീപുനിവാസികള്‍ക്ക് വെള്ളാപ്പ് പാലം ഒരനുഗ്രഹമായി മാറുകയാണ്.

 

Latest