Connect with us

Kozhikode

ഹൗസിംഗ് സ്‌കീം പദ്ധതി രൂപവത്കരിക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം മൂന്ന് സെന്റ് ഭൂമി കൊടുത്തവര്‍ക്ക് കേന്ദ്ര സഹായത്തോടെ വീട് വെച്ച് കൊടുക്കുകയാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. കേന്ദ്ര സര്‍ക്കാറിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതിക്കായി ഫണ്ട് നല്‍കാമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി യോജിച്ച് ഒരു ഹൗസിംഗ് സ്‌കീം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം ഒന്നാം ഘട്ട പട്ടയവിതരണ പദ്ധതി സ്വപ്‌നനഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം 2015 ഓടെ പൂര്‍ത്തിയാക്കും. ചന്ദ്രനില്‍ ഭൂമി കിട്ടുമെന്നറിഞ്ഞാല്‍ അവിടേക്കു പോകാനും ആളുകള്‍ തയ്യാറാണ്. കാസര്‍കോട് ജില്ലയില്‍ പദ്ധതിയില്‍ പട്ടയം നല്‍കാനായി കണ്ടെത്തിയ ഭൂമിയിലേക്ക് പോകാന്‍ തയ്യാറായ ആയിരങ്ങള്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.
കാസര്‍കോട്ട് ഭൂമി നല്‍കുന്നത് അപേക്ഷകരുടെ അനുമതിയോടെയാണ്. നിര്‍ബന്ധിച്ച് ആരെയും അങ്ങോട്ട് വിടില്ല. അത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗ സ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അനര്‍ഹമായി പലരും കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് പോലുള്ളവയില്‍ നിന്നും ഭൂമി തിരിച്ച് പിടിക്കും. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഭൂമികള്‍ പട്ടയ വിതരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് പട്ടയം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം നല്‍കുന്ന സാഹചര്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ അനുകൂല മനോഭാവം കൊണ്ടാണ്. കണ്ണൂര്‍ ജില്ല സമ്പൂര്‍ണ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് മറ്റു ജില്ലകളിലും ആവര്‍ത്തിക്കാന്‍ കഴിയണം. അര്‍ഹരായവര്‍ക്ക് മാത്രമാണ് പദ്ധതിയിലൂടെ ഭൂമി വിതരണം ചെയ്യുന്നത്. അഗതികള്‍, മാരകരോഗികള്‍, വികലാംഗര്‍, വിധവകള്‍ എന്നിങ്ങനെ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഭൂമി നല്‍കുന്നത്. പട്ടയം വിതരണം ചെയ്തവരില്‍ 25 ശതമാനം പേര്‍ പട്ടിക ജാതി- വര്‍ഗ വിഭാഗത്തിലുള്‍പ്പെട്ടവരാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കാരായ്മ കുടിയാന്മാരില്‍ നിയമപ്രകാരം അര്‍ഹതയുള്ളവര്‍ക്ക് പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയവിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി പഞ്ചായത്തിലെ കുഞ്ഞായിഷ ആദ്യ പട്ടയം ഏറ്റുവാങ്ങി. ചടങ്ങില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു.