Connect with us

Editorial

ഉച്ച ഭക്ഷണത്തിന്റെ വൃത്തിയും സുരക്ഷയും

Published

|

Last Updated

ബീഹാറില്‍ ഉച്ചഭക്ഷണത്തിലെ വിഷബാധയേറ്റ് 23 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭത്തെ തുടര്‍ന്ന്, കേരളത്തിലെ സ്‌കൂളുകളില്‍ അത്തരം ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പാചകപ്പുര അതീവ വൃത്തിയോടെ സൂക്ഷിക്കുക, ആഹാരപ ദാര്‍ഥങ്ങളും പാചകപ്പാത്രങ്ങളും ഉപയോഗയോഗ്യമെന്ന് പാചകത്തിന് മുമ്പ് ഉറപ്പുവരുത്തുക, പാചകത്തിനു മുമ്പ് ധാന്യങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകുക, കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കുക, പാചകത്തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുക, ഭക്ഷ്യവിതരണത്തിന്റെ ചുമതലയുള്ള കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെങ്കിലും വിതരണത്തിന് മുമ്പ് ഭക്ഷണം പരിശോധിക്കുക, പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകുക, സ്‌കൂളുകളില്‍ പുറത്തുനിന്നു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളും പരിശോധിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കാലിച്ചാക്കുകളുടെ വിവരം മുതല്‍ മാവേലി സ്‌റ്റോറിലെ ബില്ലുകള്‍ വരെ അടങ്ങുന്ന, ഇതുമായി ബന്ധപ്പെട്ട 16 റജിസ്റ്ററുകള്‍ പ്രധാനാധ്യാപകര്‍ സൂക്ഷിക്കണമെന്നും സ്‌കൂളുകളിലെ ഭക്ഷ്യ സുരക്ഷാ ചുമതല കൂടിയുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ ഒരൊറ്റ സ്‌കൂളിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. പ്രത്യേക സംഘത്തെ അയച്ചു ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ചില ജില്ലാ പഞ്ചായത്തുകളുടെ തീരുമാനവും കടലാസില്‍ ഒതുങ്ങിയിരിക്കയാണ്. സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, സാമൂഹികനീതി, പഞ്ചായത്ത്, ഗ്രാമവികസനം, ശുചിത്വ മിഷന്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെ നിയോഗിക്കാനായിരുന്നു തീരുമാനം. ബഹുഭൂരിഭാഗം സ്ഥാപനങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമെല്ലാം. കുട്ടികള്‍ക്ക് നല്‍കാനായി സിവില്‍ സപ്ലൈസ് വിതരണം ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങളില്‍ പലപ്പോഴും ചെറുപ്രാണികളും പുഴുക്കളും ഭക്ഷ്യയോഗ്യമല്ലാത്ത മറ്റു വസ്തുക്കളുമുണ്ടാകാറുണ്ട്. ഇത് വേണ്ടവിധം വൃത്തിയാക്കാത്തതിന്റെ ഫലമായി സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ അനുഭവപ്പെടുകയുമുണ്ടായി. എന്നിട്ടും അധികൃതര്‍ ഉറക്കത്തിലാണ്.
സ്‌കൂള്‍ അധികൃതരെക്കാളുപരി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറുമാണ് മേല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാകാത്തതിന് ഉത്തരവാദികള്‍. പുതിയ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ഇറക്കുമ്പോള്‍ അത് നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ള ചുമതല കൂടി സര്‍ക്കാറിനുണ്ട്. പ്രധാനാധ്യാപകനാണ് ഉച്ചഭക്ഷണത്തിന്റെയും അതിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും മുഖ്യചുമതല. മറ്റു ചുമതലകള്‍ തന്നെ ധാരാളമുണ്ട് ഈ വിഭാഗത്തിന്. ഓഫീസ് സഹായി പോലുമില്ലാത്ത െ്രെപമറി സ്‌കൂളുകളില്‍ പധാന അധ്യാപകന് ക്ലാസ് എടുക്കേണ്ട ബാധ്യത കൂടിയുള്ളതിനാല്‍ പഠനേതര കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം ലഭിക്കില്ല. കഴിഞ്ഞ ജൂലൈയില്‍ അലഹബാദ് ഹൈക്കോടതി അഭിപ്രായപ്പെട്ടത് പോലെ ഉച്ചഭക്ഷണം തയ്യാറാക്കുകയല്ല, വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണല്ലോ അധ്യാപകരുടെ ബാധ്യത. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അതതു സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന അലഹാബാദ് ജില്ലാ ഇന്‍സ്‌പെക്ടറുടെ ജൂണ്‍ 19ലെ ഉത്തരവ് തടഞ്ഞു കൊണ്ടാണ് കോടതി ഈ നിരീക്ഷരം നടത്തിയത്.
ഈ കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് അധ്യാപനത്തിന് ഊന്നല്‍ നല്‍കാനുള്ള സാഹചര്യം അധ്യാപകര്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ കേരള വിദ്യാഭ്യാസ കാര്യാലയം ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷിതാക്കളും തദ്ദേശ ഭരണ സമിതി പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന സമിതി രൂപവത്കരണം പോലുള്ള സംവിധാനമാണ് ഉച്ചഭക്ഷണ വിതരണത്തിന് കൂടുതല്‍ പ്രായോഗികം. കുട്ടികളുടെ ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തില്‍ അധ്യാപകരേക്കാളേറെ താത്പര്യവും ഉത്ക്കണ്ഠയും രക്ഷിതാക്കള്‍ക്കായതിനാല്‍ മുഖ്യചുമതല പി ടി എ കമ്മിറ്റിയെ ഏല്‍പിക്കാകുന്നതാണ്. അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ ഇത്തരമൊരു നിര്‍ദേശം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ചു അധ്യാപക സംഘടനകള്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കി ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം അവരെ തന്നെ ഏല്‍പിക്കണമെന്നതാണ് അധ്യാപകരുടെ ആവശ്യം. പഠനേതര വിഷയങ്ങളുടെ മുഖ്യചുമതല പി ടി എകളെ ഏല്‍പിക്കുന്നതെങ്ങനെയാണ് വിദ്യാഭ്യാസ അവകാശ ലംഘനമാകുന്നത്? വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദം.

Latest