Connect with us

International

വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദക്ഷിണ സുഡാനില്‍ അട്ടിമറി ശ്രമം

Published

|

Last Updated

ജുബ: പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റീക് മാകറുടെ നേതൃത്വത്തില്‍ അദ്ദേഹത്തോട് കൂറ് പുലര്‍ത്തുന്ന സൈനികര്‍ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍. തലസ്ഥാനമായ ജുബയില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത വെടിവെപ്പാണ് നടന്നത്. സ്ഥിതിഗതികള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കിര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെടിവെപ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആളുകള്‍ ജുബയിലെ യു എന്‍ മിഷന്‍ ആസ്ഥാനത്ത് അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. സംഭവത്തില്‍ യു എന്‍ ആശങ്ക രേഖപ്പെടുത്തി. ജൂലൈയില്‍ റീക് മാര്‍കറെ പ്രസിഡന്റ് തത്സ്ഥാനത്തുനിന്നും പുറത്താക്കിയതോടെയാണ് രാജ്യത്ത് അസ്വസ്ഥകളാരംഭിച്ചത്. അസഹിഷ്ണുതയോടെ പെരുമാറുന്ന സ്വേച്ഛാധിപതിയാണ് സല്‍വ കിര്‍ എന്ന് റീകും മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു.
വംശീയ ആക്രമണത്തിന്റെ ഇടയില്‍ രാഷ്ട്രീയ അനശ്ചിതത്വത്തിന് ശ്രമിക്കുമെന്ന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് കിര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വംശീയവും രാഷ്ട്രീയവുമായ ചേരിതിരിവുകളാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈ ചേരിതിരിവ് സൈന്യത്തിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

Latest