Connect with us

Gulf

'ബാച്ചിലര്‍മാര്‍ നഗരസഭാ നിയമങ്ങള്‍ പാലിക്കണം'

Published

|

Last Updated

ദുബൈ: ബാച്ചിലര്‍മാര്‍ താമസ സ്ഥലങ്ങളില്‍ നഗരസഭാ നിയമങ്ങള്‍ പാലിക്കണമെന്ന് കെട്ടിട പരിശോധനാ വിഭാഗം മേധാവി ജാബിര്‍ അല്‍ അലി അറിയിച്ചു. ഒരു മുറിയില്‍ ആളുകള്‍ തിങ്ങിത്താമസിക്കാന്‍ പാടില്ല. താമസ സ്ഥലത്ത് ശുചീകരണം നിര്‍ബന്ധം. അനധികൃതമായി മുറി വിഭജിക്കാന്‍ പാടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,321 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം 1,523 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

സത്‌വ, ജാഫിലിയ, ജുമൈറ ഒന്ന്, അബൂഹൈല്‍, റാശിദിയ, വുഹൈദ എന്നിവിടങ്ങളില്‍ ബാച്ചിലര്‍മാര്‍ തിങ്ങിത്താമസിക്കുന്നു. ഒരു മുറിയില്‍ ശരാശരി ആറ് പേര്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ആളുകളുടെ എണ്ണത്തില്‍ കുറവുണ്ട്.
രാത്രിയും പകലും നഗരസഭാ പരിശോധന ഉണ്ടാകും. കെട്ടിടങ്ങള്‍ക്ക് മുന്നില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അനുവദനീയമല്ല. അതിനെതിരെയും നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ദുബൈ ഇലക്ട്രിസിറ്റിയോട് ആവശ്യപ്പെടും. ആരോഗ്യപരമായ അന്തരീക്ഷത്തില്‍ വേണം താമസ സ്ഥലമെന്നും ജാബിര്‍ അല്‍ അലി പറഞ്ഞു. ഇതിനിടെ വെള്ളം പാഴാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് “ദിവ” വ്യക്തമാക്കി.