Connect with us

Malappuram

തിരുവചനങ്ങളുടെ അത്ഭുത സൂക്ഷിപ്പുകാരായി മൂവര്‍ സംഘം

Published

|

Last Updated

മലപ്പുറം: വിശുദ്ധ ഖുര്‍ആനും തിരു നബിയുടെ ഹദീസ് ശേഖരങ്ങളിലെ ഏറ്റവും പ്രാമാണികമായ ബുഖാരിയും മുസ്‌ലിമും ഹൃദ്യസ്ഥ്യമാക്കിയ മൂവര്‍ സംഘം മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന ഫിയസ്റ്റ അറബിയ്യയില്‍ ശ്രദ്ധേയരാകുന്നു.
അഖിലേന്ത്യാ അറബിക് പ്രസംഗ മത്സരത്തില്‍ സംബന്ധിക്കുന്നതിനാണ് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹാഫിസ് അബ്ദുല്ലാ അലീം (19), ഹാഫിസ് സയ്യിദ് നുസ്രത്ത് (18), ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ (20) എന്നിവര്‍ മലപ്പുറത്തെത്തിയിരിക്കുന്നത്.
ഖുര്‍ആനിലെ തിരുവചനങ്ങള്‍ മനപാഠമാക്കുക സാധാരണയാണ്. എന്നാല്‍ ഹദീസ് ഗ്രന്ഥങ്ങള്‍ പൂര്‍ണമായും മനപാഠമാക്കുന്നത് മതരംഗത്തുള്ളവര്‍ക്കിടയില്‍ പോലും അപൂര്‍വമാണ്. ഇവിടെയാണ് ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആനും ബുഖാരി-മുസ്‌ലിമും ഇവര്‍ മനപാഠമാക്കിയത്.
ഹൈദറാബാദ് ഇഫഌ യൂണിവേഴ്‌സിറ്റി അറബി വിഭാഗം മുന്‍ തലവനും ജാമിഅത്തുല്‍ ഹറമൈനിശ്ശരീഫൈന്‍ സ്ഥാപകനുമായ പ്രൊഫസര്‍ ഡോ. സയ്യിദ് ജഹാംഗീറിന്റെ കീഴില്‍ പതിനൊന്ന് മാസം കൊണ്ടാണ് ഇവര്‍ ബുഖാരിയും മുസ്‌ലിമും ഹൃദ്വിസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഒന്നിന് തുടങ്ങിയ ശ്രമം കഴിഞ്ഞ ജൂലൈയില്‍ ലക്ഷ്യം കണ്ടു.
ദിനേനെ 15 ഹദീസുകള്‍ മനപാഠമാക്കിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ ഇതിന് വേഗം പോരെന്നു തോന്നി. പിന്നീട് ദിവസവും 60-70 ഹദീസുകള്‍ വീതം പഠിച്ചു തുടങ്ങി. ജാമിഅത്തുല്‍ ഹറമൈനിശ്ശരീഫൈനിയിലെ പ്രൊഫ. ബശീറുദ്ദീന് മുന്നില്‍ ഓരോ ദിവസവും പഠിച്ചത് ചൊല്ലിക്കൊടുക്കും.
വിശുദ്ധ ഖുര്‍ആനുമായി താരതമ്യം ചെയ്യുമ്പോള്‍ ഹദീസുകള്‍ മനപാഠമാക്കുക പ്രയാസകരമാണ്. റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും സംഭാഷണ ശകലങ്ങളുമൊക്കെയായി അത് ഏറെ സങ്കീര്‍ണമാണ്. ആദ്യ ഘട്ടത്തില്‍ ഇത്തരം പ്രയാസങ്ങള്‍ നേരിട്ടെങ്കിലും വഴിയെ തങ്ങളുടെ ഓര്‍മക്ക് കൂടുതല്‍ തെളിച്ചം കിട്ടിയെന്ന് ഹാഫിസ് സയ്യിദ് നുസ്‌റത്ത് പറയുന്നു.
ഹദീസുകള്‍ ഓര്‍ത്തിരിക്കാന്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും ഇവര്‍ക്ക് നല്ല മറുപടിയുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളെപ്പറ്റിയും ഹദീസുകള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഓരോ ചുറ്റുപാടുകളുമായും ബന്ധപ്പെടുത്തിയുള്ള തിരുവചനങ്ങള്‍ മനസ്സിലേക്ക് കൊണ്ടു വരും. ഇത് ജീവിതത്തെ തന്നെ പൂര്‍ണമായും തിരുസുന്നത്തിന്റെ വഴിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. അറബി ഭാഷ പഠിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നു കൂടിയാണ് ഹദീസ് മനപാഠമെന്ന് ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ സാക്ഷ്യപ്പെടുത്തുന്നു.
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ സംഘടിപ്പിച്ച മത്സരത്തിനാണ് എത്തിയതെങ്കിലും ഹദീസ് രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാഫിസ് അബ്ദുല്ലാ അലീം പറയുന്നു.
ഇന്നലെ സ്വലാത്ത് നഗറില്‍ ആരംഭിച്ച മത്സര പരിപാടികള്‍ ഈമാസം 18ന് ദേശീയ സെമിനാറോടെയാണ് സമാപിക്കുക.