Connect with us

Kerala

സെന്‍കുമാര്‍ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കോഴിക്കോട്: ജയില്‍ മേധാവിയായി ചുമതലയേറ്റ ശേഷം എ ഡി ജി പി. ടി പി സെന്‍കുമാര്‍ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചു. ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.
ടി പി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ജയില്‍ ഡി ജി പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിന് സ്ഥാനം തെറിച്ചതും ടി പി സെന്‍കുമാര്‍ ചുമതലയേറ്റതും. പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് ഫോണുകളും അനുബന്ധ സാമഗ്രികളും കണ്ടെടുത്തിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹം ജയിലിലെത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജയില്‍ മതില്‍ക്കെട്ടിന് പുറത്തുള്ള തെങ്ങുകളില്‍ മുള്‍വല കെട്ടി. തെങ്ങില്‍ കയറി ഫോണുകളോ മറ്റു സാധനങ്ങളോ കൈമാറുന്നത് തടയാനാണിത്. കൂടുതല്‍ ജീവനക്കാരെയും ജയിലില്‍ നിയമിച്ചിട്ടുണ്ട്. ടി പി കേസിലെ പ്രതികള്‍ മുപ്പതോളം ഫോണുകള്‍ പല സമയങ്ങളിലായി ജയിലിനകത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ടി പി കേസിലെ പ്രതികള്‍ ഫോണുകള്‍ മാറിമാറി ഉപയോഗിച്ചുവെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ സെല്ലിനകത്ത് ചാര്‍ജ് ചെയ്യാനുള്ള പ്രയാസം കാരണം, ചാര്‍ജ് ചെയ്ത ഫോണുകള്‍ ജയിലിന് പുറത്തുനിന്ന് എത്തിയിരുന്നതായാണ് പോലീസ് മനസ്സിലാക്കുന്നത്.
ഓരോ സിം നമ്പറും രണ്ട് ദിവസം ഇടവിട്ട് പുതിയ ഫോണുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൊത്തം 11 സിമ്മുകളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പ്രതികള്‍ ഫോണില്‍ വിളിച്ചവരെ സാക്ഷികളാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മൊഴി നല്‍കാനായി സിം കാര്‍ഡ് ഉടമകളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest