Connect with us

Kannur

ജനസമ്പര്‍ക്കം: ഇടത് പ്രതിഷേധത്തിന് പുറമെ മാവോയിസ്റ്റ് ഭീഷണിയും

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ കണ്ണൂരില്‍ നടക്കാനിരിക്കെ സംസ്ഥാനത്തൊരിടത്തും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കനത്ത സുരക്ഷക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം. നേരത്തെ കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷക്ക് തീരുമാനമായത്. എല്‍ ഡി എഫിന്റെ കരിങ്കൊടി പ്രതിഷേധ സമരത്തിന് പുറമെ കണ്ണൂരില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതാണ് ഇത്തവണത്തെ പഴുതടച്ച സുരക്ഷക്ക് കാരണമാകുന്നത്.
കണ്ണൂരില്‍ കല്ലേറേറ്റ ശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്കെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംരക്ഷണത്തിനായി പോലീസ് ഒരുക്കുന്നത് അക്ഷരാര്‍ഥത്തില്‍ യുദ്ധസന്നാഹം തന്നെയാണ്. കണ്ണൂരില്‍ പെരിങ്ങോത്താണ് മാവോയിസ്റ്റ് സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. രണ്ട് തവണയായി ഇവിടെ ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കരിങ്കൊടി കാട്ടി മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം നടത്തുന്നതില്‍ ഒരടി പിറകോട്ടില്ലെന്ന് എല്‍ ഡി എഫ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ജില്ലയിലെ തങ്ങളുടെ മുഴുവന്‍ കരുത്തും ഈ സമരത്തിന് ഉപയോഗിക്കുമെന്നും എല്‍ ഡി എഫ് നേതൃത്വം സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസ് നേരത്തെ എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
നഗരത്തില്‍ മാത്രം 3,500 പോലീസുകാര്‍ക്ക് പുറമെ തണ്ടര്‍ ബോള്‍ട്ട്, ക്വിക്ക് റെസ്‌പോണ്‍സ് ടീം എന്നിവയെയും സുരക്ഷക്കായി നിയോഗിക്കും. ഇതിനു പുറമെ എ ആര്‍, കെ എ പി, എം എസ് പി എന്നിവിടങ്ങളിലെ സേനാംഗങ്ങളെയും വിന്യസിക്കുന്നുണ്ട്. ഷാഡോ പോലീസിനെയും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വിന്യസിക്കും. നഗരത്തിലും പരിസര പ്രദേശങ്ങളിലും സി സി ടി വി സ്ഥാപിക്കുകയും 24 മണിക്കൂര്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ വരുന്നവരെ നിരീക്ഷിക്കും. അന്യ സംസ്ഥാന തൊഴിലാളികള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം നിരീക്ഷണത്തിലാണ്. നഗരത്തിലെ എട്ട് കേന്ദ്രങ്ങളില്‍ പൂര്‍ണമായും ജനസഞ്ചാരം തടയും. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന പൊതുജനങ്ങളും പരാതിക്കാരും സഹായികളും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest