Connect with us

Gulf

ദുബൈ ട്രാം സര്‍വീസ്: കോച്ചുകള്‍ ഈയാഴ്ച എത്തും

Published

|

Last Updated

ദുബൈ: ദുബൈ ട്രാം സര്‍വീസിനായുള്ള കോച്ചുകള്‍ ഈയാഴ്ച ജബല്‍ അലി തുറമുഖത്തെത്തുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.
നവം. 21ന് ഫ്രാന്‍സില്‍ നിന്ന് കപ്പല്‍ കയറ്റിയിട്ടുണ്ട്. ഏഴ് കോച്ചുകളാണ് കപ്പല്‍ കയറ്റിയത്. ആദ്യഘട്ടത്തിലെ 11 ട്രാമുകള്‍ക്കു വേണ്ടിയാണിത്. ഇനിയും കോച്ചുകള്‍ എത്തും. രണ്ടാം ഘട്ടത്തില്‍ 14 ട്രാമുകളാണുണ്ടാവുക. ഈ മാസം ഒടുവില്‍ ഡിപ്പോ റെയിലില്‍ പരിശീലന ഓട്ടം നടത്തും. പരിശോധനാ ഓട്ടം ഡിപ്പോക്ക് പുറത്ത് രണ്ട് കിലോമീറ്ററ് പാതയിലാണ് നടത്തുക. 2014 നവംബറിലാണ് ട്രാം സര്‍വീസ് ഉദ്ഘാടനം ചെയ്യുക.
ഫ്രാന്‍സിലെ ആല്‍സ്റ്റോം ഫാക്ടറിയിലാണ് കോച്ചുകള്‍ നിര്‍മിച്ചത്. അവിടെ 700 മീറ്റര്‍ ട്രാക്കില്‍ സാങ്കേതിക പരിശോധന നടത്തി. വേഗം, സുരക്ഷാ സംവിധാനങ്ങള്‍, കോച്ചുകളുടെ ഇലക്ട്രിക് പ്രതികരണങ്ങള്‍, ബ്രേക്കിംഗ്, അത്യാഹിത സന്ദര്‍ഭങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പരീക്ഷണങ്ങള്‍ നടന്നു.
ഏതു സാഹചര്യത്തിലും ട്രാമുകളെ പ്രവര്‍ത്തിപ്പിക്കാമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ശീതീകരണ സംവിധാനങ്ങളും മികച്ചതാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള സമഗ്രികളും നിരീക്ഷണ സൗകര്യങ്ങളുമുണ്ട്.്യു
ശബ്ദമലനീകരണവും കുലുക്കവും ഉണ്ടാകില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഭൂമിക്കടിയില്‍ ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യ ട്രാം സര്‍വീസാണ് ദുബൈയില്‍ വരുന്നത്. സഫൂ റോഡില്‍ 14.6 കിലോമീറ്ററിലാണ് ട്രാം പാത. ഒന്നാം ഘട്ടത്തില്‍ 10.6 കിലോമീറ്ററാണ്, ദുബൈ മറീനയില്‍ നിന്ന് ദുബൈ പോലീസ് അക്കാദമി വരെയാണ് സര്‍വീസ്. 17 സ്റ്റേഷനുകളില്‍ 11 എണ്ണം ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ 14 ട്രാമുകളുണ്ടാകും.
പ്രതിദിനം 25,000 യാത്രക്കാരെ വഹിക്കുമെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു. 44 മീറ്ററാണ് ഒരു ട്രാമിന്റെ വലിപ്പം. 300 പേരെ ഉള്‍ക്കൊള്ളും.

Latest