കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നുവെന്ന പ്രചാരണം പരിഭ്രാന്തി പരത്തി

Posted on: December 15, 2013 7:11 am | Last updated: December 15, 2013 at 7:11 am

അഗളി: ആദിവാസി ഭൂമി നിയമപ്രകാരം കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കമുണ്ടെന്ന പ്രചാരണം അട്ടപ്പാടിയിലെ തമിഴ് മേഖലയില്‍ പരിഭ്രാന്തി പരത്തി.
തമിഴ് ചാനലുകളിലും പത്രങ്ങളിലും വന്ന വാര്‍ത്തകള്‍ ചില സംഘടനകളും ഏറ്റുപിടിച്ചത് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ 1975ലെ ആദിവാസി ഭൂമി നിയമത്തിന് 1999ല്‍ കേരള നിയമസഭ കൊണ്ടുവന്ന ഭേദഗതിയനുസരിച്ചുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ നിയമപ്രകാരം 1960ന് ശേഷം കൈമാറ്റം ചെയ്യപ്പെട്ട എല്ലാ ആദിവാസിഭൂമിയും തിരികെ കൊടുക്കണമായിരുന്നു. കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഒന്നൊഴികെയുളള എല്ലാ അംഗങ്ങളും പിന്തുണച്ച ഭേദഗതി കേരള നിയമസഭ പാസാക്കിയത്. ഇതിന് സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു.
ഇതനുസരിച്ച് 1986 ജനുവരി 24ന് ശേഷമുള്ള എല്ലാ ആദിവാസി ഭൂമി കൈമാറ്റങ്ങളും നിയമസാധുതയില്ലാത്തതാണ്. ഇതിന് മുന്‍പുള്ള കൈമാറ്റങ്ങളില്‍ രണ്ട് ഹെക്ടറില്‍ കൂടുതലുള്ള ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണം. ആദിവാസിക്ക് നഷ്ടമായ രണ്ട് ഹെക്ടര്‍ വരെയുള്ളതിന് പകരം സര്‍ക്കാര്‍ ഭൂമി നല്‍കും. ഇതനുസരിച്ച് 1986 ജനുവരി 24ന് മുന്‍പുള്ളതില്‍ 205 കേസുകളും 1986 ജനുവരി 24ന് ശേഷമുള്ള 27 കേസുകളുമാണുള്ളത്. ഇതില്‍ 167 കേസുകള്‍ ഒറ്റപ്പാലം ആര്‍ ഡി ഒ തീര്‍പ്പാക്കികഴിഞ്ഞു.
ആര്‍ ഡി ഒയുടെ ഉത്തരവിനെതിരെ 50 പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 77 കേസുകളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 19 പേര്‍ തമിഴ് കര്‍ഷകരാണ്. ഏതാനും പേര്‍ നിയമപ്രകാരം ഭൂമി വിട്ടുകൊടുക്കാന്‍ തയാറായിട്ടുണ്ട്. 13 കേസുകളില്‍ രണ്ട് ഹെക്ടറില്‍ കൂടുതലുള്ള ഭൂമി വ്യത്യസ്ത ആളുകളുടെ പേരില്‍ രണ്ട് ഹെക്ടറില്‍ താഴെയായി ഭിന്നിച്ച് പോയതിനാല്‍ നടപടിയില്ല. ആദിവാസി ഭൂമി പ്രശ്‌നത്തിന്റെ പേരില്‍ നികുതി സ്വീകരിക്കാതെയും മറ്റുമുള്ള പ്രശ്‌നങ്ങള്‍ നൂറ്കണക്കിന് കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിയമം നടപ്പാക്കാതിരുന്നാല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായേക്കും. നടപടികളുടെ നിജസ്ഥിതികള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താനും ആശങ്കകളകറ്റാനും സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.