Connect with us

Eranakulam

യുവ സംരംഭകര്‍ക്ക് ബജറ്റില്‍ തുക മാറ്റിവെക്കും: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്ന യുവ സംരംഭകരെ സഹായിക്കുന്നതിന് ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇങ്ങനെ ഓരോ വര്‍ഷവും നീക്കിവെക്കുന്ന ഏതാണ്ട് 500 കോടി രൂപ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ ലോകോത്തര നിരവാരത്തിലുള്ള വ്യവസായാന്തരീക്ഷം ഒരുക്കുന്നതിനായിരിക്കും ചെലവിടുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു ആവശ്യത്തിന് ബജറ്റ് വിഹിതം ഉള്‍കൊള്ളിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ ടൈകോണ്‍ കേരള 2013 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പത്ത്, തൊഴില്‍, അറിവ് എന്നിവ സൃഷ്ടിച്ച് ബിസിനസുകാരും രാഷ്ട്രീയക്കാരെപ്പോലെ മാറ്റത്തിന്റെ വക്താക്കളാകുന്നതാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംരംഭകത്തിന് പ്രത്യേക വകുപ്പ് തന്നെന്നെ സംസ്ഥാനങ്ങളില്‍ വേണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ടൈ ഗ്ലോബല്‍ ചെയര്‍മാന്‍ ആശോക് റാവ് അഭിപ്രായപ്പെട്ടു. ഹോട്ടല്‍ ലേ മെറിഡിയനില്‍ പ്രസിഡന്റ് ജോണ്‍ കെ പോളിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടൈ കേരള ചെയര്‍മാന്‍ എ വി ജോര്‍ജ്, ഡോ. ബര്‍നാഡ് എ ഹാരിസണ്‍, ജൂനിയര്‍ വ്യവസായ വകുപ്പ് സെക്രട്ടറി പി എ കുര്യന്‍, എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ ഡോ. എം ശ്രീനാഥ് ശാസ്ത്രി, എസ് ആര്‍ നായര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രമുഖ വ്യവസായ സംരംഭകരായ സി വി ജേക്കബ്, എം പി രാമചന്ദ്രന്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്നിവരെ ആദരിച്ചു. വിജയം നേടിയ മാതൃകകള്‍ അടുത്തറിയാനും മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും യുവ സംരംഭകര്‍ക്ക് സമ്മേളനത്തില്‍ അവസരമൊരുങ്ങും.