Connect with us

Ongoing News

ക്ലബ്ബ് ഫുട്ബാള്‍: ക്വാര്‍ട്‌സ് സോക്കറിന് വിജയത്തുടക്കം

Published

|

Last Updated

കല്‍പറ്റ: 39-ാമത് സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ക്വാര്‍ട്‌സ് സോക്കറിന് ജയത്തോടെ തുടക്കം. ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളിന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്), കൊല്ലത്തിനെതിരെയായിരുന്നു ക്വാര്‍ട്‌സിന്റെ വിജയം. കളിയുടെ രണ്ട് പകുതികളിലായി രണ്ടുവീതം ഗോളുകളാണ് ക്വാര്‍ട്‌സ് സോക്കര്‍ നേടിയത്.
42-ാം മിനുട്ടില്‍ ക്വാര്‍ട്‌സ് സോക്കറിന്റെ ജൂനിയര്‍ ഇന്ത്യന്‍ താരം ജിതിന്‍രാജിന്റ കാലില്‍നിന്നായിരുന്നു ആദ്യഗോള്‍. പെനാല്‍റ്റി ബോക്‌സില്‍ ബാള്‍ എത്തിയതോടെ ആശയക്കുഴപ്പത്തിലായ കൊല്ലം സായിയിയുടെ കീപ്പര്‍ എസ്.ഹജ്മല്‍ ബാറിനു കീഴില്‍നിന്ന് മുന്നോട്ടുനീങ്ങിയപ്പോഴായിരുന്നു വോളി ഷോട്ട് തൊടുത്ത് ജിതിന്‍രാജിന്റെ മുതലെടുപ്പ്.
ആദ്യപകുതി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു രണ്ടാം ഗോള്‍. ക്വാര്‍ട്‌സ് സോക്കറിന്റെ കോച്ചും മോഹന്‍ബഗാന്‍ മുന്‍താരവുമായ നിയാസ് റഹ്മാന്റെ കോര്‍ണര്‍ കിക്കിന് മുന്നേറ്റനിരയിലെ കെ ഐ അരുണ്‍ തലവെച്ചുകൊടുക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ 41-ാം മിനിറ്റിലായിരുന്നു മുന്നാം ഗോളിന്റെ പിറവി. ആക്രമണനിരയിലെ അരുണ്‍ നല്‍കിയ പാസ് മധ്യനിരയിലെ ഫര്‍ഹാദ് ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളാക്കിമാറ്റുകയായിരുന്നു. 88-ാം മിനിറ്റില്‍ ജിതിന്‍രാജിന്റെ വകയായിരുന്നു അവസാന ഗോള്‍. ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്ന് അരുണ്‍ നല്‍കിയ ക്രോസാണ് ജിതിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്.
ആക്രമണത്തിനു രണ്ടും മധ്യനിരയിലും പ്രതിരോധത്തിലും നാലുവീതവും താരങ്ങളെ വിന്യസിച്ചായിരുന്നു ഇരു ടീമിന്റെയും കളി.
മനോഹരമായ കളി കാഴ്ചവെച്ചാണ് സായിയുടെ കുട്ടികള്‍ കീഴടങ്ങിയത്. എതിരാളികള്‍ അനുഭവസമ്പന്നരാണെന്ന് അറിയാമായിരുന്നിട്ടും പതാറാതെയായിരുന്നു കൊല്ലം ജില്ലാ ചാമ്പ്യന്‍ ടീമിന്റെ പ്രകടനം. റിസ്‌വാന്‍അലി, സോജന്‍ ജയിംസ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റനുമായ അജ്മലും തിളങ്ങി. കൊല്ലത്തിന്റെ റിസ്‌വാന്‍ അലിയാണ് കളിയിലെ കേമന്‍. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ റിസ്‌വാനുള്ള ട്രോഫി സമ്മാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ന് വൈകീട്ട് 5.30ന് ആദ്യ മത്സരത്തില്‍ ഇന്‍ഡിപെന്‍ഡന്റ് സോക്കര്‍ മലപ്പുറം കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിനെ നേരിടും. രാത്രി ഏഴിന് വയനാട് ഫാല്‍ക്കന്‍സും ബസേലിയോസ് കോളജ് കോട്ടയവും മത്സരിക്കും.

---- facebook comment plugin here -----

Latest