വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിലും കോണ്‍ഗ്രസിലും തര്‍ക്കം

Posted on: December 11, 2013 7:45 am | Last updated: December 11, 2013 at 7:45 am

കല്‍പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗിലും കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്‌നം രൂക്ഷമായത് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കുന്നു. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ജില്ലാ നേതൃത്വങ്ങളും പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ വിഷമത്തിലാണ്.
നിലവിലെ പ്രസിഡന്റിനെ മാറ്റി മുസ്‌ലിം ലീഗില്‍ നിന്നുതന്നെയുള്ള മറ്റൊരംഗത്തെ പ്രസിഡന്റാക്കാനുള്ള നീക്കം മുസ്‌ലിം ലീഗില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം, രണ്ടര വര്‍ഷത്തിനുശേഷം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിക്കാന്‍ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസിന്റെ തലവേദന.
നിലവില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായ പി.എ. ആലിഹാജിയെ നീക്കി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ലീഗ് അംഗം പി. മുഹമ്മദിനെ പ്രസിഡന്റാക്കാനാണ് മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മറുവിഭാഗം തയ്യാറാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം കല്പറ്റ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു. ജില്ലാ നേതൃത്വവും മാനന്തവാടി മണ്ഡലം കമ്മിറ്റിയും വെള്ളമുണ്ട പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഈ മാസം പതിനാറിനുള്ളില്‍ ആലിഹാജി രാജിവയ്ക്കണമെന്നായിരുന്നു യോഗത്തിലുയര്‍ന്ന നിര്‍ദേശം. എന്നാല്‍ മുന്‍ ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് ജമാല്‍ ഇതിനെതിരെ രംഗത്തുവന്നു. ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളും സാമൂഹ്യ, ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തനത്തിലൂടെ ജനസമ്മതനുമായ മുഹമ്മദ് ജമാലിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതിരിക്കാന്‍ ലീഗിന് കഴിയാത്ത സാഹചര്യമാണ്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശവും മുഹമ്മദ് ജമാലിന്റെ വിയോജനക്കുറിപ്പും വന്നതോടെ ജില്ലയിലെ മുസ്‌ലിം ലീഗ് നേതൃത്വം വെട്ടിലായി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വെള്ളമുണ്ട പഞ്ചായത്തിലെ ലീഗ് അംഗങ്ങളുടെ യോഗവും ലീഗ് ഹൗസില്‍ ചേര്‍ന്നു. വെള്ളമുണ്ട പഞ്ചായത്തില്‍ എട്ടുസീറ്റാണ് ലീഗിനുള്ളത്. ആലിഹാജിയും പി. മുഹമ്മദും അല്ലാതെ മറ്റാരെയെങ്കിലും പ്രസിഡന്റാക്കണമെന്ന് തിങ്കളാഴ്ചത്തെ യോഗത്തില്‍ മറ്റ് ആറ് അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ ലീഗ് നേതൃത്വം വീണ്ടും വെട്ടിലായി.
അതിനിടെ, പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കുവേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത് പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ലീഗ് ബന്ധത്തിന് വിള്ളലുണ്ടാക്കിയിട്ടുണ്ട്. തനിച്ച് ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടരവര്‍ഷത്തിനുശേഷം ഭരണമാറ്റം വേണമെന്നായിരുന്നു സംസ്ഥാനതലത്തില്‍ യുഡിഎഫിലെ ധാരണ. ഇതനുസരിച്ച് മിക്ക പഞ്ചായത്തുകളിലും രേഖാമൂലം ധാരണയുണ്ടാക്കിയിരുന്നു. ജില്ലയില്‍ തന്നെ പല പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഭരണകൈമാറ്റം നടക്കുകയും ചെയ്തു. ഈ ധാരണയനുസരിച്ച് വെള്ളമുണ്ട പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇത്തരത്തിലൊരു ധാരണയില്ലെന്നും കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുസ്‌ലിം ലീഗും വ്യക്തമാക്കുന്നു.
അതേസമയം, പി. മുഹമ്മദിനെ പ്രസിഡന്റാക്കുന്നതിനെതിരെ യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും രംഗത്തുണ്ട്. വെള്ളമുണ്ട പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറി വ്യാജരേഖകളുണ്ടാക്കി കൈവശം വച്ചതുമായി ബന്ധപ്പെട്ട് പി. മുഹമ്മദിനെതിരെ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രസിഡന്റാക്കുന്നത് യുഡിഎഫിന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം ലീഗില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ പ്രാദേശികനേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. ഭരണകൈമാറ്റം സംബന്ധിച്ച് വ്യക്തമായ ധാരണ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കാതിരുന്ന അന്നത്തെ ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രനെതിരെ ഐ ഗ്രൂപ്പ് തന്നെ രംഗത്തെത്തിയിരുന്നു. ഐ ഗ്രൂപ്പുകാരനായ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പി.ടി. മുത്തലിബ് ജില്ലാ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മുന്‍ ഡിസിസി പ്രസിഡന്റിനെതിരെ ആരോപണങ്ങളുന്നയിച്ചത്. മുന്‍ഡിസിസി പ്രസിഡന്റിന്റെ പിടിപ്പുകേടുമൂലമാണ് വെള്ളമുണ്ട പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇപ്പോഴത്തെ നേതൃത്വം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
പൊഴുതനയിലും മേപ്പാടിയിലും അട്ടിമറിയിലൂടെയാണ് ഭരണമാറ്റം നടന്നത്. ഭരണം കോണ്‍ഗ്രസിന് കൈമാറിയില്ലെങ്കില്‍ ഇതേരീതിയിലുള്ള രാഷ്ട്രീയനീക്കങ്ങള്‍ വെള്ളമുണ്ടയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നറിയിപ്പുനല്‍കുന്നത്.