Connect with us

Gulf

സിനിമ സാങ്കേതിക വിദ്യയുടെ ഉത്പന്നം; അതിനെ ഉപയോഗപ്പെടുത്തുന്നവരുടെ കാഴ്ചപ്പാട് പ്രധാനം

Published

|

Last Updated

ദുബൈ: സിനിമ സാങ്കേതിക വിദ്യയുടെ ഉത്പന്നമാണെങ്കിലും അതിലെ സാമഗ്രിയെ ഉപയോഗിക്കുന്നവരുടെ കാഴ്ചപ്പാട് പ്രധാനമാണെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ദുബൈയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിയുടെ സ്വപാനം ദുബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിലെ നടന്മാരായ ജയറാം, സിദ്ദീഖ്, നിര്‍മാതാവ് രാജന്‍ എന്നിവരും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു.
സിനിമയെ ഉത്തമ കലയാക്കി മാറ്റിയവര്‍ ധാരാളമുണ്ട്. മനുഷ്യസ്‌നേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് എന്റെ സമീപനം. സ്വപാനം സിനിമ ചെണ്ട എന്ന വാദ്യോപകരണത്തെ ഉപയോഗിക്കുന്ന ആളുടെ സ്‌നേഹാന്വേഷണമാണ്.
ദുബൈ ചലച്ചിത്രമേളയില്‍ ഇതിനു മുമ്പ് പങ്കെടുത്തിട്ടുണ്ട്. കലാമൂല്യമുള്ള സിനിമകള്‍ ഇത്തവണ ഏറെയുണ്ടെന്നത് ഗുണപരമായ മാറ്റത്തെ കാണിക്കുന്നുവെന്നും ഷാജി പറഞ്ഞു.
മലയാള സിനിമയില്‍ ധാരാളം പുതിയ പ്രതിഭകള്‍ രംഗത്തുവന്നിട്ടുണ്ട്. അവര്‍, സിനിമ എന്ന കലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ കലകളും നവീകരണത്തിന് വഴിപപെടണമെന്ന് ആഗ്രഹിക്കുന്നു. എല്ലാ കലകളും തുടങ്ങുന്നത്് മനുഷ്യത്വത്തില്‍ നിന്നാണ്. മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വികാരവും സ്‌നേഹവും നന്മയുമുണ്ട്. അതറിയുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് സിനിമ. മനുഷ്യന്റെ ഇത്തരം ഗുണങ്ങള്‍ ഏറ്റവുമധികം ലോകത്തോട് പറഞ്ഞിട്ടുള്ളത് സിനിമകളിലൂടെയാണ്. പൂര്‍ണത കണ്ടെത്താനുള്ള അമ്പേഷണമാണ് എന്റെ ഓരോ ചിത്രവും. സ്‌നേഹവും നന്മയുമൊക്കെ അതില്‍ ചാലിച്ചെടുക്കുന്നു. പുതിയ ചിത്രമായ സ്വപാനത്തിലൂടെയും അതു തന്നെയാണ് പറയുന്നത്– അദ്ദേഹം പറഞ്ഞു. ചെണ്ട വാദനം വശമുണ്ടെങ്കിലും സ്വപാനത്തിലെ ഉണ്ണി എന്ന ചെണ്ടക്കാരനെ അവതരിപ്പിക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വന്നുവെന്ന് നടന്‍ ജയറാം പറഞ്ഞു. “ചിത്രം എന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ്. സ്വപാനത്തിലെ നാരായണന്‍ നമ്പൂതിരിയെ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ എന്റെ അഭിനയ പോരായ്മകള്‍ തിരിച്ചറിഞ്ഞു”-നടന്‍ സിദ്ദീഖ് പറഞ്ഞു. ഐ എം എഫ് പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍, റോണി എം പണിക്കര്‍, ഫൈസല്‍ ബിന്‍ അഹ്മദ് സംബന്ധിച്ചു.

Latest