കര്‍ഷകര്‍ക്ക് ആശ്വാസമായി നൂതന കൊയ്ത്തു യന്ത്രം

Posted on: December 10, 2013 7:38 am | Last updated: December 10, 2013 at 7:38 am

മാനന്തവാടി: റെയ്‌കോയുടെ നേതൃത്വത്തില്‍ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി നൂതന കൊയ്ത്ത് യന്ത്രം പാടത്തിറക്കി. നിലവില്‍ കായ്യാന്‍ മാത്രം ഉപയോഗിക്കുന്ന യന്ത്രത്തിനു പകരമായി കൊയ്യുന്നതിനോടൊപ്പം തന്നെ കറ്റയാക്കി കെട്ടി ലഭിക്കുന്ന യന്ത്രമാണ് വേമം പാടത്ത് പരീക്ഷണടിസ്ഥാനത്തില്‍ ഇറക്കിയത്.
ഇറ്റാലിയന്‍ നിര്‍മ്മിതമായ കൊയ്ത്തു യന്ത്രത്തിന് റിപ്പര്‍ ബൈന്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു മണിക്കുര്‍ കൊണ്ട് ഒരേക്കര്‍ സ്ഥലത്തെ നെല്ല് കറ്റയാക്കി ലഭിക്കും.
മാത്രവുമല്ല ഇതിനായി ഒരു ലിറ്റര്‍ ഡീസലിന്റെ ചിലവ് മാത്രമേ രംഗത്ത് വരുകയുള്ളൂ. ചെളിയിലും വെള്ളത്തിലും എത് സമയത്തും ഉപയോഗിക്കാവുവാന്‍ കഴിയുന്ന തരത്തിലുള്ള ടയറും ഫഌറ്റ് ഫോമുമാണ് ഇതിനുള്ളത്.
വിപണിയില്‍ ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് യന്ത്രത്തിന്റെ വില. അഗ്രോക്ലിനിക്കുകള്‍ വഴി നെല്‍ കര്‍ഷകര്‍ക്ക് യന്ത്രം വാടകക്ക് നല്‍കാനാണ് റയകോ ലക്ഷ്യമിടുന്നത്.
പഴയ യന്ത്രം കൊണ്ട് ഒന്നര ഏക്കര്‍ പാടത്തെ നെല്ല് കൊയ്യണമെങ്കില്‍ ഏകദേശം 2500 രൂപയോളം ചിലവു വരുമായിരുന്നു. പുതിയ യന്ത്രം കൊണ്ട് കൊയ്യുമ്പോള്‍ 1000 രൂപയോളം മാത്രമേ ചിലവ് വരൂ എന്നാണ് കമ്പനിയുടെ അവകാശ വാദം. സംസ്ഥാനത്ത് ആദ്യമായാണ് ഈ കൊയ്ത്ത് യന്ത്രത്തിന്റെ പ്രദര്‍ശനം മാനന്തവാടിയില്‍ നടന്നത്.